യുദ്ധത്തിന് താത്ക്കാലിക വിരാമം: ഹമാസ് നൂറോളം ബന്ദികളെ മോചിപ്പിക്കുമ്പോൾ മുന്നൂറോളം തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും


ദോഹ: ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് താത്ക്കാലിക വിരാമമാകുന്നു എന്ന് റിപ്പോർട്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ വെടിനിർത്തലിനുള്ള കരാർ തയ്യാറായെന്നാണ് റിപ്പോർട്ട്. കാരാറിനെ കുറിച്ച് ധാരണയായതായി ഹമാസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. അമ്പത് മുതൽ 100 വരെ ബന്ദികളെ ഹമാസ് മോചിപ്പിക്കുമ്പോൾ മുന്നൂറോളം പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കണം എന്നതാണ് കാരാറിലെ പ്രധാന വ്യവസ്ഥ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ​ഗാസയിലേക്ക് ഇസ്രയേൽ വൈദ്യസഹായം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കാനും ധാരണയായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇസ്രയേലിൽ നിന്നും ബന്ദികളാക്കിയ നൂറോളം ആളുകളെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചിട്ടുണ്ട്. വിദേശികളും ഇസ്രയേൽ പൗരന്മാരും ഉൾപ്പെടെയുള്ളവരെയാണ് വിട്ടയക്കുക. എന്നാൽ, ബന്ദികളാക്കിയ ഇസ്രയേൽ സൈനികരെ മോചിപ്പിക്കില്ല. മോചിപ്പിക്കുന്ന ബന്ദികൾക്കു പകരം ഇസ്രയേൽ ജയിലിലുള്ള മുന്നൂറോളം പലസ്തീൻ തടവുകാരെ വിട്ടയക്കും. 300 ട്രക്ക് ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും ഗാസയിലേക്ക് എത്തിക്കാനും ധാരണയായി.

ഹമാസിന് പുറമേ ​ഗാസയിലെ മറ്റൊരു സായുധസംഘമായ ഇസ്‌ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. എന്നാൽ, നിർദിഷ്ട കരാറിനെതിരേ മുന്നറിയിപ്പുമായി ഇസ്രയേൽ ദേശസുരക്ഷാ മന്ത്രി ഇതാമിർ ബെൻ ഗ്വിർ രംഗത്തെത്തി. കരാറിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ബെൻ ഗ്വിർ പരാതിപ്പെട്ടു. കരാർ ദുരന്തം ക്ഷണിച്ചുവരുത്തിയേക്കുമെന്നും പറഞ്ഞു.

അതേസമയം, വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം വീണ്ടും ശക്തമാകുകയാണ്. ആക്രമണത്തിന്റെ കേന്ദ്രം വീണ്ടും ജബലിയ അഭയാർഥിക്യാമ്പായി. ദിവസങ്ങൾക്കിടെ ഇവിടെ ഡസൻകണക്കിന് ഹമാസുകാരെ ഇസ്രയേൽ സൈന്യം വധിച്ചു. ഹമാസിന്റെ മൂന്നുതുരങ്കങ്ങൾ കണ്ടെത്തിയെന്നും റോക്കറ്റ് വിക്ഷേപണത്തറ നശിപ്പിച്ചെന്നും ഇസ്രയേൽ പറഞ്ഞു. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 കടന്നു. നാലായിരത്തിലധികം പേരെ കാണാതായി എന്നാണ് റിപ്പോർട്ടുകൾ.