5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒടുവില്‍ ഇരട്ടകളില്‍ ഒരാള്‍ മറ്റയാളെ കത്തി കൊണ്ട് കുത്തിക്കൊന്നു
കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ മറ്റെയാളെ കുത്തിക്കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സാന്താക്രുസ് കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ടക്കര്‍ റോഡിലെ 200-ാം ബ്ലോക്കില്‍ നവംബര്‍ 15ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഇരട്ടകള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ അടുക്കളയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് മറ്റേയാളെ കുത്തുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സഹോദരങ്ങള്‍ തമ്മില്‍ പൊതുവെയുണ്ടാവുന്ന വഴക്കാണ് ഇരുവര്‍ക്കുമിടയില്‍ നടന്നതെന്നും അതിനിടെയാണ് ഈ സംഭവമെന്നും പൊലീസ് വിശദീകരിച്ചു.
തന്റെ പ്രവൃത്തിയിലൂടെ മറ്റേയാളുടെ ജീവന്‍ അപായത്തിലാകുമെന്ന് കുട്ടിക്ക് അറിയുമായിരുന്നില്ല. അതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ‘ഈ രണ്ട് ചെറിയ കുട്ടികളുടെ കുടുംബത്തെ ഓര്‍ത്ത് ഞങ്ങളുടെ ഹൃദയം തകരുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു’ എന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.