അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാമത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്


അമേരിക്കയിൽ 7.25 ലക്ഷത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി കുടിയേറിയിട്ടുണ്ടെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യു റിസേര്‍ച്ച് സെന്റര്‍. യുഎസില്‍ അനധികൃതമായി കുടിയേറിയവരില്‍ മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. 2021-ല്‍ യുഎസില്‍ 10.5 മില്യണ്‍ അനധികൃത കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. ആകെയുള്ള ജനസംഖ്യയുടെ മൂന്ന് ശതമാനം വരുമിത്.

2021-ല്‍ യുഎസില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2007ലെ ഏറ്റവും ഉയര്‍ന്ന സംഖ്യയായ 12.2 മില്യണിന് താഴെയാണെന്ന് ജെഫ്രി എസ്. പാസലും ജെന്‍സ് മാനുവല്‍ ക്രോഗ്സ്റ്റാഡും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. ലോകത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളില്‍ നിന്നും 2007 മുതല്‍ 2021 വരെ യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടുണ്ട്. മധ്യ അമേരിക്ക (240000), തെക്ക്, കിഴക്കന്‍ ഏഷ്യ(180000) എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റമുണ്ടായിട്ടുള്ളത്.

മെക്‌സിക്കോയില്‍ നിന്നുള്ള 4.1 മില്യണ്‍ അനധികൃത കുടിയേറ്റക്കാരാണ് 2021ല്‍ യുഎസിലുണ്ടായിരുന്നത്. 1990-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. അതേസമയം, എല്‍ സാല്‍വഡോറില്‍ നിന്ന് എട്ട് ലക്ഷം പേരും ഇന്ത്യയില്‍ നിന്ന് 7.25 ലക്ഷം പേരുമാണ് ഇതേവര്‍ഷം യുഎസില്‍ അനധികൃത കുടിയേറ്റക്കാരായി ഉണ്ടായിരുന്നത്. ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള അനധികൃതകുടിയേറ്റക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, ബ്രസീല്‍, കാനഡ, സോവിയറ്റ് യൂണിന്റെ ഭാഗമായിരുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 2017 മുതല്‍ 2021 വരെ വര്‍ധനവുണ്ടായിട്ടുണ്ട്.

20121-ല്‍ ഏറ്റവും അധികം അനധികൃത കുടിയേറ്റമുണ്ടായ ആറ് സംസ്ഥാനങ്ങള്‍

കാലിഫോര്‍ണിയ (19 ലക്ഷം)
ടെക്സാസ് (16 ലക്ഷം)
ഫ്ളോറിഡ (9 ലക്ഷം)
ന്യൂയോര്‍ക്ക് (ആറ് ലക്ഷം)
ന്യൂജേഴ്സി (4.5 ലക്ഷം)
ഇല്ലിനോയിസ് (4 ലക്ഷം)

2021ല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 6.4 മില്യണോളം വരും. 2017-നെ അപേക്ഷിച്ച് ഇത് ഒന്‍പത് ലക്ഷത്തോളം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റുരാജ്യങ്ങളുടെ പട്ടികയില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഗ്വാട്ടമാലയാണ് (ഏഴ് ലക്ഷം). തൊട്ട് പിറകില്‍ ഹോണ്ടുറാസും (5.25 ലക്ഷം). ഇന്ത്യ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2017 മുതല്‍ അനധികൃത കുടിയേറ്റങ്ങളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെ 2021 ആയപ്പോഴേക്കും യുഎസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 10.5 മില്യണിലെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മധ്യ അമേരിക്ക, കരീബിയന്‍, തെക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ്, സബ്-സഹാറന്‍ ആഫ്രിക്ക എന്നിവടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിലും വര്‍ധവുണ്ടായിട്ടുണ്ട്.

ഇതിനിടെ നിയമാനുസൃതമായ കുടിയേറ്റക്കാരുടെ എണ്ണം 29 ശതമാനം വര്‍ധിച്ച് എട്ട് മില്യണിലധികം രേഖപ്പെടുത്തി. യുഎസ് പൗരന്മാരുടെ എണ്ണമാകട്ടെ 49 ശതമാനവും വര്‍ധിച്ചു. അതേസമയം, 2021 മാര്‍ച്ച് മുതല്‍ യുഎസ്-മെക്സിക്കോ അതിര്‍ത്തി വഴി കുടിയേറുന്നവരെ പിന്തിരിപ്പിക്കാനും പുറത്താക്കുന്ന നടപടികൾ സ്വീകരിക്കാനും തുടങ്ങിയതു മുതല്‍ ഉണ്ടായ മാറ്റങ്ങളെ പുതിയ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതിര്‍ത്തിയിലെ കുടിയേറ്റ ഏറ്റുമുട്ടലുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.