എഎഫ്പി
ഉത്തരകൊറിയയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ തന്നെ ഉപയോഗിച്ചതായും ഇത് താൻ അറിഞ്ഞിരുന്നില്ലെന്നും ചൈനയിൽ അറസ്റ്റിലായി, മൂന്നു വർഷങ്ങൾക്കു ശേഷം വിട്ടയക്കപ്പെട്ട കനേഡിയൻ പൗരനായ മൈക്കൽ സ്പാവർ. 2018 ലാണ് മറ്റൊരു കനേഡിയൻ പൗരനായ മൈക്കൽ കോവ്രിഗിനൊപ്പം ഇയാൾ ചൈനയിൽ വെച്ച് അറസ്റ്റിലായത്. കോവ്‌റിഗ് ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്‌പാവറിൽ നിന്ന് ശേഖരിച്ച്, കനേഡിയൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറി എന്നായിരുന്നു ആരോപണം. 2021 ൽ ഇരുവരെയും ചൈന വിട്ടയക്കുകയും ചെയ്തു.
എന്നാൽ ഇരുവർക്കും എതിരെയുള്ള ആരോപണങ്ങൾ കാനഡ ആദ്യം മുതലേ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ രണ്ട് കനേഡിയൻ പൗരൻമാരും ചാരവൃത്തി നടത്തിയെന്ന ചൈനയുടെ ആരോപണം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നിരസിച്ചിരുന്നു. എന്നാൽ, മൈക്കൽ സ്പാവറിന്റെ വെളിപ്പെടുത്തലോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.
വിവരങ്ങൾ ചോർത്താൻ, മൈക്കൽ കോവ്രിഗിനൊപ്പം തന്നെ ഉപയോഗിച്ചതിന് കാനഡ തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും മൈക്കൽ സ്പാവർ ആവശ്യപ്പെട്ടു. മില്യൻ കണക്കിന് ഡോളറുകളാണ് ഇയാളിപ്പോൾ ആവശ്യപ്പെടുന്നത്. സ്പാവറിന്റെ ആരോപണങ്ങളെക്കുറിച്ച് ഇയാളുടെ അഭിഭാഷകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതേക്കുറിച്ച് പ്രധാനമന്ത്രി മുൻപ് പറഞ്ഞതു തന്നെയാണ് വീണ്ടും പറയാനുള്ളതെന്നും ഈ ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കനേഡിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഹുവാവേ കമ്പനിയുടെ സീനിയർ എക്സിക്യുട്ടീവ് മെംഗ് വാന്‍ഷോവിനെ കാനഡ അറസ്റ്റ് ചെയ്തതിന്റെ പ്രതികാര നടപടി ആയിട്ടാണ് സ്പാവറിനെയും കോവ്‌റിഗിനെയും ചൈന ജയിലിലടച്ചത് എന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. മൂവരും 2021 സെപ്റ്റംബറിലാണ് ജയിൽ മോചിതരായത്.
ഉത്തരകൊറിയൻ അതിർത്തിക്കടുത്തുള്ള ചൈനീസ് നഗരത്തിലാണ് മൈക്കൽ സ്പാവർ താമസിച്ചിരുന്നത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ ഇയാൾ നേരിട്ടു സന്ദർശിച്ചിട്ടുമുണ്ട്. ഇയാൾക്ക് സ്വന്തമായി ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസും ഉണ്ടായിരുന്നു. മുൻ ബാസ്‌ക്കറ്റ്‌ബോൾ താരം ഡെന്നിസ് റോഡ്‌മാൻ ഉൾപ്പെടെയുള്ളവരുടെ ട്രാവൽ പ്ലാനുകൾ മൈക്കൽ സ്പാവർ കൈകാര്യം ചെയ്തിട്ടുണ്ട്.
2012 മുതൽ 2014 വരെ ചൈനയിൽ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചയാളാണ് മൈക്കൽ കോവ്രിഗ്. തന്റെ ജോലിയുടെ ഭാഗമായി ചൈനയിലെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ഇയാൾ ശേഖരിച്ചിട്ടുണ്ടാകാം എന്നും ഇത് രഹസ്യാന്വേഷണ പ്രവർത്തനമായി കണക്കാക്കാനാകില്ലെന്നുമാണ് കാനഡയുടെ പ്രതികരണം. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് മൈക്കൽ കോവ്രിഗ് നയതന്ത്രരംഗത്തെ ജോലിയിൽ നിന്ന് അവധിയെടുത്ത് ഹോങ്കോങ്ങിലെ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനിൽ ജോലി ചെയ്യുകയായിരുന്നു.