‘താന്ത്രിക് സെക്‌സ് കോച്ച്, നായകളോട് ‘സംസാരിക്കും’; അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ജാവിയർ മിലെ


അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും സ്വാതന്ത്ര്യ വാദിയുമായ ജാവിയർ മിലെ. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള വിചിത്രമായ ചില കാര്യങ്ങളാണ് മിലേയെ ആളുകൾക്കിടയിൽ ശ്രദ്ധേയനാക്കുന്നത്. താൻ രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നത് തന്റെ നായകളോടാണെന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. ഒരു താന്ത്രിക് സെക്സ് കോച്ച് കൂടിയാണ് ജാവിയർ മിലെ. കൂടാതെ ചത്ത നായകളുടെ ആത്മാക്കളുമായി താൻ ആശയവിനിമയം നടത്താറുണ്ട് എന്നും അദ്ദേഹം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള വിചിത്രമായ ചിന്താഗതിയും വെളിപ്പെടുത്തലും ചില ആളുകൾക്കിടയിൽ ‘ ഭ്രാന്തൻ ‘ എന്ന വിളിപ്പേരും അദ്ദേഹത്തിന് നൽകാറുണ്ട്. എങ്കിലും ഇത്തവണ പ്രതീക്ഷിച്ചതിലും ഉയർന്ന വോട്ട് നേടിയാണ് ജാവിയർ മിലെ അര്‍ജന്റീനയുടെ പ്രസിഡന്റായത്. കൂടാതെ സർക്കാറിന്റെ പൊതു ചെലവ് വെട്ടി കുറയ്ക്കണം എന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയതും വളരെ വിചിത്രമായാണ് . ഒരു ചെയിൻസോ മെഷീൻ ഉപയോഗിച്ചാണ് ഈ ആവശ്യമുന്നയിച്ച് അദ്ദേഹം പൊതു റാലികളിൽ പ്രത്യക്ഷപ്പെട്ടത്.

Also read-LGBTQ+ നിയമവിരുദ്ധമാക്കാൻ റഷ്യ; പുരുഷാധിപത്യ ആശയങ്ങളുമായി പുടിന്‍

അഴിമതിക്കും രാജ്യത്തെ വീർപ്പുമുട്ടുന്ന ബ്യൂറോക്രസിക്കും എതിരെ ചെയിൻസോ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ അദ്ദേഹത്തിന് കൃത്യമായ വീക്ഷണങ്ങൾ ഉണ്ട്. അർജന്റീനയിൽ പണപ്പെരുപ്പം ഉയർന്ന നിലയിലാണെന്നും അതിനാൽ നോട്ടുകൾ അച്ചടിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കാരണം പ്രസിഡന്റ് എന്ന നിലയില്‍ തന്റെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കുക എന്നത് മിലേയ്ക്ക് ഒരു വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സർക്കാറിന് കീഴിൽ വനിതാ ക്ഷേമം, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ ചില മന്ത്രാലയങ്ങൾ എടുത്തു മാറ്റാനും മിലെ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിവരം. കൂടാതെ അർജന്റീനയുടെ നിലവിലെ കറൻസിയായ പെസോ ഒഴിവാക്കി ഡോളറാക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. അതേസമയം ഏകദേശം 56 ശതമാനം വോട്ട് നേടിയാണ് മിലേ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടത് സാമ്പത്തിക മന്ത്രി സെര്‍ജിയോ മാസ്സയെ തോല്‍പ്പിച്ചത്. 44 ശതമാനം വോട്ടാണ് സെര്‍ജിയോ മാസ്സ നേടിയത്. അടുത്തമാസം ആണ് മിലെ പ്രസിഡന്റായി അധികാരം ഏറ്റെടുക്കുക. സർക്കാരിലെ അഴിമതി ഇല്ലാതാക്കുമെന്നും രാജ്യത്തെ ഒരു ആഗോള ശക്തിയാക്കി മാറ്റുമെന്നും തന്റെ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം അദ്ദേഹം പ്രതിജ്ഞ ചെയ്തു.

Also read- ‘തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരണയായത് ഹിന്ദുവിശ്വാസം’: യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി

 കൂടാതെ ഗർഭച്ഛിദ്രം വീണ്ടും ക്രിമിനൽ കുറ്റമാക്കുമെന്നും രാജ്യത്തെ നദികളുടെ മലിനീകരണം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും 53 കാരനായ മിലെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കിടയിലാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിലും ടിവി അഭിമുഖങ്ങളിലും മിലെയുടെ പ്രകടനത്തോട് ആളുകൾ ആവേശത്തോടെ ആണ് പ്രതികരിച്ചത്. കടുത്ത ദാരിദ്ര്യം ബാധിച്ച ഒരു രാജ്യത്ത് മാറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഇപ്പോൾ ആളുകൾ നോക്കിക്കാണുന്നത്.