കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയതോടെ, ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ ഉണ്ടായേക്കാം എന്ന സൂചനയാണ് പുറത്തുവരുന്നത്. സിഖ് വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. കനേഡിയൻ പൗരനായ ഹർദീപ് സിംഗിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ സുരക്ഷാ ഏജൻസികൾ സജീവമായി അന്വേഷിക്കുകയാണെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു.
കൂടാതെ കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തുന്നതിൽ ഒരു വിദേശ സർക്കാരിന്റെ പങ്ക് രാജ്യത്തിന്റെ അധികാരത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അസംബന്ധമാണെന്നും ഇന്ത്യ പ്രതികരിച്ചു. കാനഡയിലെ അക്രമ പ്രവർത്തനങ്ങളിൽ ഇന്ത്യാ ഗവൺമെന്റിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നു എന്ന് നയതന്ത്രജ്ഞനെ പുറത്താക്കിയതിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
ഇന്ത്യ-കാനഡ ബന്ധം വഷളാവുന്നു; കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളും പിആർ അപേക്ഷകരും ആശങ്കയിൽ
എന്നാൽ ഇന്ത്യയുടെയും കാനഡയുടെയും നയതന്ത്ര ബന്ധത്തെ ബാധിക്കാൻ കാരണമായ ഈ ഹർദീപ് സിംഗ് നിജ്ജാർ ആരാണെന്ന് നോക്കാം.
ജലന്ധറിലെ ഭാർ സിങ് പുര ഗ്രാമത്തിൽ ജനിച്ച ഹർദീപ് സിംഗ് നിജ്ജാർ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ആളാണ്. കാനഡ ഇയാളെ കനേഡിയൻ പൗരൻ എന്നും സിഖ് പ്രവർത്തകൻ എന്നും വിശേഷിപ്പിക്കുമ്പോൾ ഭീകര പ്രവർത്തകരുടെ പട്ടികയിൽ ഇന്ത്യ തിരയുന്ന ആളാണ് നിജ്ജാർ. 1997-ൽ, ഇന്ത്യൻ പോലീസ് തന്നെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നിജ്ജാർ കാനഡയിലെത്തിയത്. എന്നാൽ 1998-ൽ അദ്ദേഹത്തിന്റെ അഭയാർത്ഥി വാദം കാനഡ നിരസിച്ചു . തുടർന്ന് ഒരു കനേഡിയൻ യുവതിയെ വിവാഹം കഴിച്ചാണ് നിജ്ജാർ കനേഡിയൻ പൗരത്വം നേടിയത്. ആദ്യം പ്ലംബിംഗ് ആയിരുന്നു ഇയാളുടെ തൊഴിൽ.
എന്നാൽ പിന്നീട് ബ്രിട്ടീഷ് കൊളംബിയയിൽ തീവ്രവാദികൾക്കായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ച കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിനെ (കെടിഎഫ്) നയിച്ചത് ഹർദീപ് സിംഗ് നിജ്ജാർ ആയിരുന്നു. പിന്നീടങ്ങോട്ട് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ മേധാവിയായാണ് ഇയാൾ അറിയപ്പെട്ടത്.
കൂടാതെ കെടിഎഫിന്റെ പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായി ഇടപെടുകയും അതിലെ അംഗങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ സർക്കാരിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിരോധിച്ച ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പായ സിഖ് ഫോർ ജസ്റ്റിസുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നിജ്ജാറിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഇന്ത്യ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. ഈയടുത്ത് ഇന്ത്യൻ ഗവൺമെന്റ് പുറത്തുവിട്ട 40 പേരടങ്ങുന്ന തീവ്രവാദികളുടെ പട്ടികയിൽ നിജ്ജാറിന്റെ പേരും മുൻപന്തിയിൽ ഉണ്ടായിരുന്നു. കൂടാതെ ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ കനേഡിയൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
India-Canada| കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു; നിജ്ജാറിനു പിന്നാലെ കൊല്ലപ്പെട്ടത് സുഖ്ദൂൽ സിങ്
കൂടാതെ 2018 ഫെബ്രുവരിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യ സന്ദർശിച്ച വേളയിൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും നിജ്ജാറിന്റെ പേര് ഉൾപ്പെട്ടിരുന്നു. അതിനെ തുടർന്ന് 2018 ഏപ്രിലിൽ കനേഡിയൻ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു. ഇതിനുശേഷവും ഭീകര പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിജ്ജാർ എന്ന 46 കാരന്റെ പങ്ക് തുടർന്നു.
കാനഡ ആസ്ഥാനമായുള്ള ഏറ്റവും പഴയ ഖാലിസ്ഥാനി ഭീകര സംഘടനകളിലൊന്നായ ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്ന (ബികെഐ) സംഘടനയ്ക്ക് ഇയാൾ വലിയ രീതിയിൽ സാമ്പത്തിക സഹായം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 2007 ൽ പഞ്ചാബിൽ നടന്ന സ്‌ഫോടനവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
എന്നാൽ ഈ ആരോപണം നിഷേധിച്ച് അന്ന് നിജ്ജാർ രംഗത്തെത്തുകയും ചെയ്തു.” ഞാൻ 20 വർഷമായി ഇവിടെ താമസിക്കുന്നില്ലേ? എന്റെ റെക്കോർഡ് നോക്കൂ. അതിൽ ഒന്നുമില്ല. ഞാൻ കഠിനാധ്വാനി ആണ്. പ്ലംബിംഗിൽ എനിക്ക് എന്റെ സ്വന്തം ബിസിനസ്സ് ഉണ്ട്.” എന്നായിരുന്നു ഇയാളുടെ പ്രതികരണം. അതേസമയം നിജ്ജാർ കൊല്ലപ്പെടുന്നതിനു മുൻപ് ഇയാളെ തേടി പഞ്ചാബ് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പട്യാലയിലെ സത്യ നാരായണ ക്ഷേത്രത്തിന് സമീപം നടന്ന സ്‌ഫോടനത്തിലും സംസ്ഥാനത്തെ മതനേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.
കൂടാതെ ഇന്ത്യയിൽ തന്നെ നിരവധി തീവ്രവാദ കേസുകളിൽ പ്രതി പട്ടികയിൽ ഉള്ള ആൾ കൂടിയാണ് നിജ്ജാർ. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ ജഗ്തർ സിംഗ് താരയെയും ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരെയും കാണാൻ നിജ്ജാർ 2013- ൽ പാക്കിസ്ഥാനുമായി ബന്ധം പുലർത്തിയിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. 2018 ൽ രാജ്യദ്രോഹം, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിജ്ജാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
വിദ്വേഷ പ്രസംഗങ്ങളിലൂടെ വിപ്ലവ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഇയാൾ സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തിരുന്നതായും എൻഐഎയുടെ അന്വേഷണത്തിൽ വ്യക്തമായി. അതോടൊപ്പം ഇന്ത്യയിൽ തന്നെ വലിയ ഭീകരാക്രമണങ്ങൾ നടത്താൻ കെടിഎഫ് നേതാവായ നിജ്ജാർ പദ്ധതിയിട്ടിരുന്നതായും ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജൻസിക്ക് നൽകിയ കുറിപ്പിൽ പറയുന്നു.
“ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായ നിരവധി പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ട്. ഇതിൽ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകാൻ , ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ സിഖ് യുവാക്കളെ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുന്നു” എന്നും മന്ത്രാലയം കുറുപ്പിൽ ചൂണ്ടിക്കാട്ടി. 2021 ജനുവരിയിൽ ജലന്ധറിൽ ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടും എൻഐഎയുടെ കുറ്റപത്രത്തിൽ ഇയാളുടെ പേരുണ്ട്.
എന്നാൽ 2022-ൽ നിജ്ജാറിനെ പഞ്ചാബ് പോലീസിന് കൈമാറുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും എൻഐഎ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കാനഡയിൽ വാൻകൂവറിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയ്ക്ക് മുകളിൽ 80 അടി ഉയരമുള്ള ഖാലിസ്ഥാനി പതാക ഉയർത്തികൊണ്ട് ഖാലിസ്ഥാനി അജണ്ട മുന്നോട്ടുവെച്ച ആൾ കൂടിയാണ് നിജ്ജാർ.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം
ജൂൺ 18 നാണ് കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നിജ്ജാറിന്റെ ജീവന് ഭീഷണിയുണ്ടെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ഗ്രൂപ്പിന്റെ തലവനും അഭിഭാഷകനുമായ ഗുർപത്വന്ത് സിംഗ് പറയുന്നു.
അതേസമയം മുഖാവരണം ധരിച്ച രണ്ട് പ്രതികള്‍ നിജ്ജാറിന്റെ കൊലപാതകത്തിനു ശേഷം കാർ പാർക്കിംഗ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം അറിയിച്ചു. കൂടാതെ 2008 മോഡൽ സിൽവർ ടൊയോട്ട കാമ്‌റി വാഹനം ഒരു മണിക്കൂറെങ്കിലും സംഭവസ്ഥലത്ത് നിർത്തിയിട്ടിരുന്നതായും മൂന്നാം പ്രതിയായ ഡ്രൈവർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. എന്തായാലും ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ വലിയ രീതിയിൽ ഉള്ള പ്രതിഷേധങ്ങളും കാനഡയിൽ അരങ്ങേറിയിരുന്നു.