ഗാസയിലെ ഏറ്റവും വലിയ ആശുപത്രി ഹമാസിന്റെ ഒളിസങ്കേതമെന്ന് ഇസ്രായേൽ; കുടുങ്ങിയിരിക്കുന്നത് നൂറുകണക്കിനാളുകൾ


ഇസ്രായേൽ – ഹമാസ് ആക്രമണത്തെ തുടർന്ന് നിലവിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേൽ ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഗാസയിലെ ഷിഫ ആശുപത്രിയിലാണ്. എന്നാൽ ഹമാസിന്റെ പ്രവർത്തനം ഷിഫ ആശുപത്രിയുടെ മറവിൽ ആണെന്നും സൈനിക ലക്ഷ്യങ്ങൾക്കായി ആശുപത്രിയുടെ സൗകര്യം ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നും ആണ് ഇസ്രായേലിന്റെ ആരോപണം. കൂടാതെ ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളിൽ കമാൻഡ് സെന്ററുകൾ സ്ഥാപിച്ചുകൊണ്ട് ഹമാസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.

അതേസമയം ഒക്ടോബർ 7ന് ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് മുതൽ ഇസ്രായേൽ സൈന്യം ഷിഫ ആശുപത്രിയെ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ രോഗികൾക്കും അഭയാർത്ഥികൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷിതമായി കടന്നു പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. എങ്കിലും ആശുപത്രിയിൽ ഇന്ധനത്തിന്റെ അഭാവം മൂലം നിരവധി ആളുകൾ ഇപ്പോഴും മരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

500ലധികം കിടക്കകളും എംആർഐ സ്കാൻ, ഡയാലിസിസ്, തീവ്രപരിചരണ വിഭാഗം തുടങ്ങി നിരവധി സേവനങ്ങൾ രോഗികൾക്ക് ലഭ്യമാക്കുന്ന മികച്ച ആശുപത്രിയാണ് ഷിഫ. അതിനാൽ ഗാസയിൽ നടക്കുന്ന ഭൂരിഭാഗം രക്ഷാപ്രവർത്തനങ്ങളിലും വൈദ്യസഹായം എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ ആശുപത്രിയാണെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പതിനായിരകണക്കിന് ആളുകൾ അഭയം തേടിയതും ഈ ആശുപത്രിയിലായിരുന്നു.

Also read-ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ തുരങ്കവും ഹമാസിന്റെ ആയുധശേഖരവും കണ്ടെത്തിയെന്ന് ഇസ്രായേല്‍

ശേഷം സംഘർഷം ആശുപത്രിയെ ലക്ഷ്യമിട്ടതോടെ ആണ് അവിടെ എത്തിയ ഭൂരിഭാഗം ആളുകളും തെക്കുഭാഗത്തേക്ക് പലായനം ചെയ്യാൻ ആരംഭിച്ചത്. കൂടാതെ ഈ പ്രദേശത്തെ 2.3 ദശലക്ഷം താമസക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും അവരുടെ വീടുകൾ ഉപേക്ഷിച്ചു പോയി. എന്നാൽ ആശുപത്രി ജീവനക്കാർ, നവജാതശിശുക്കൾ, ദുർബലരായ രോഗികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ ഇപ്പോഴും ഈ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ശനിയാഴ്ച ആശുപത്രിയിൽ ഇന്ധനത്തിന്റെ അഭാവം മൂലം 3 നവജാതശിശുക്കൾ ഉൾപ്പെടെ 32 രോഗികൾ മരിച്ചതായും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ ജീവൻ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ മറ്റ് 36 ശിശുക്കളുടെ ജീവനും അപകടാവസ്ഥയിൽ ആണെന്നും ഇവർ സൂചിപ്പിച്ചു. അതോടൊപ്പം മെഡിക്കൽ ഉപകരണങ്ങൾ അടക്കം നിശ്ചലമായതോടെ കുഞ്ഞുങ്ങളെ പുതപ്പിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന ദൃശ്യങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു.

എന്നാൽ ഗാസയിലെ കുട്ടികൾക്കായുള്ള റാന്റിസി ഹോസ്പിറ്റലിന്റെ ബേസ്മെന്റിൽ ഹമാസിന്റെ ആയുധ ശേഖരങ്ങൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും ഇസ്രായേൽ ചീഫ് മിലിട്ടറി വക്താവ്, റിയർ അഡ്മിൻ ഡാനിയൽ ഹഗാരി പുറത്തുവിട്ടിരുന്നു. ഇവിടെ കുട്ടികൾ വരച്ച ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു മുറിയിൽ സ്ഫോടകവസ്തുക്കൾ, ഓട്ടോമാറ്റിക് റൈഫിളുകൾ, ബോംബുകൾ, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ തുടങ്ങിയയുടെ ശേഖരണങ്ങൾ കണ്ടെത്തുകയായിരുന്നു. കൂടാതെ ഒക്ടോബർ 7 ന് ഇസ്രായേലിൽ നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം നൂറുകണക്കിന് ഹമാസ് ആക്രമികൾ ഷിഫ ആശുപത്രിയിൽ അഭയം തേടിയതായും റിപ്പോർട്ട്‌ ഉണ്ട്.

ഹമാസ് ഭീകരനെ ചോദ്യം ചെയ്യുന്നതിന്റെ ഒരു വീഡിയോയും ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. ഇതിൽ ഷിഫ ആശുപത്രിക്ക് താഴെ ഭൂഗർഭ അറകൾ ഒളിക്കാൻ കഴിയുന്ന ഒരു വലിയ സ്ഥലമാണ് ഇതെന്നും അക്രമി വെളിപ്പെടുത്തി. എന്നാൽ ഷിഫ ആശുപത്രിയെക്കുറിച്ചുള്ള ഇസ്രായേൽ അവകാശവാദങ്ങൾ വെറും തെറ്റായ പ്രചാരണങ്ങൾ മാത്രമാണ് എന്നാണ് ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഗാസി ഹമദിന്റെ വിശദീകരണം.

അതേസമയം ആശുപത്രിയിൽ അടിയന്തര വൈദ്യ ആവശ്യങ്ങള്‍ക്കായി സൈനികര്‍ 300 ലിറ്റര്‍ ഇന്ധനം എത്തിച്ചതായി ഇസ്രായേല്‍ പറഞ്ഞു. എന്നാൽ ഈ ഇന്ധനം ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നാണ് സൂചന. ഇന്ധനം നിറച്ച കണ്ടെയ്നറുകൾ എടുക്കുന്നതില്‍ നിന്ന് ഹമാസ് ആശുപത്രിയെ വിലക്കിയതായും ഇസ്രായേൽ ആരോപിക്കുന്നു. കൂടാതെ തങ്ങളുടെ സൈന്യം ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുക്കാനല്ല മറിച്ച് ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഇസ്രായേലി സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് കൂട്ടിച്ചേർത്തു.