യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി|Hindu faith gives freedom and it led to the presidential campaign says US presidential candidate Vivek Ramaswamy – News18 Malayalam
ഹിന്ദു വിശ്വാസമാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി മത്സരിക്കാൻ തനിക്കു പ്രേരണയായതെന്ന് ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. അടുത്ത തലമുറയ്ക്കു മൂല്യങ്ങൾ പകരുന്നത് തന്‍റെ ലക്ഷ്യമാണെന്നും വിവേക് രാമസ്വാമി പറഞ്ഞു. വാഷിങ്ടൺ ഡിസിയിൽ ഫാമിലി ലീഡർ ഫോറം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവിശ്വാസം തനിക്കു സ്വാതന്ത്ര്യം നൽകിയെന്നും തന്റെ ധാർമിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് കൂടുതൽ ബോധ്യം പകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ മാതാപിതാക്കളുടെ മകനായി ജനിച്ചയാളാണ് വിവേക് രാമസ്വാമി.
“എന്റെ വിശ്വാസമാണ് എനിക്ക് സ്വാതന്ത്ര്യം നൽകുന്നത്. എന്റെ വിശ്വാസമാണ് ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ എനിക്ക് പ്രേരണ നൽകിയത്. ഞാൻ ഒരു ഹിന്ദുവാണ്. യഥാർത്ഥ ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം നമ്മളെ ഓരോരുത്തരെയും ഇവിടെ എത്തിച്ചത് ഒരു ലക്ഷ്യത്തിനാണ്. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും അത് സാക്ഷാത്കരിക്കാനുള്ള കടമയും ധാർമികമായ ഉത്തരവാദിത്തവും എനിക്കുണ്ട്. അതാണ് എന്റെ വിശ്വാസം എന്നെ പഠിപ്പിച്ചത്. വ്യത്യസ്ത രീതികളിൽ നമ്മിലൂടെ പ്രവർത്തിക്കുന്ന ദൈവം നമ്മെ അവന്റെ ഉപകരണങ്ങൾ ആക്കുകയാണ് ചെയ്യുന്നത്. നമ്മൾ എല്ലാവരും തുല്യരാണ്, കാരണം ദൈവം നമ്മിൽ ഓരോരുത്തരിലും വസിക്കുന്നു, അതാണ് എന്റെ വിശ്വാസത്തിന്റെ കാതൽ”, വിവേക് രാമസ്വാമി പറഞ്ഞു.
Also read-പുറത്താക്കിയതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് സുവെല്ല ബ്രാവർമാന്റെ കത്ത്; പ്രധാന കാര്യങ്ങൾ
തന്റെ കുടുംബത്തെക്കുറിച്ചും മാതാപിതാക്കൾ തന്നെ വളർത്തിയ രീതിയെക്കുറിച്ചും വിവേക് രാമസ്വാമി സംസാരിച്ചു. കുടുംബം, വിവാഹം, മാതാപിതാക്കളോടുള്ള ബഹുമാനം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞുു. മാതാപിതാക്കൾ തന്നിൽ പകർന്നു നൽകിയ പരമ്പരാഗത മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം മനസു തുറന്നു. “ഞാൻ ഒരു പരമ്പരാഗത കുടുംബത്തിലാണ് വളർന്നത്. എന്റെ മാതാപിതാക്കൾ എന്നെ കുടുംബത്തിന്റെ മഹത്വത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നു. മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെ പ്രധാന്യവും വിവാഹം പവിത്രമാണെന്നുമൊക്കെ അവർ എന്നെ പഠിപ്പിച്ചു. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. വിവാഹേതര ലൈംഗികബന്ധം തെറ്റാണ്. വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. വിവാഹമോചനം എന്നത് നിങ്ങൾ വെറുതേ തീരുമാനിക്കേണ്ട ഒരു കാര്യമല്ല. നിങ്ങൾ ദൈവസന്നിധിയിലാണ് വിവാഹം കഴിക്കുന്നത്. ദൈവത്തോടും കുടുംബത്തോടും നിങ്ങൾ ആ അവസരത്തിൽ സത്യം ചെയ്യുന്നുണ്ട്,” റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ വിവേക് രാമസ്വാമി പറഞ്ഞു.
ക്രിസ്ത്യൻ ഹൈസ്കൂളിലാണ് താൻ പഠിച്ചതെന്നു പറഞ്ഞ അദ്ദേഹം, ബൈബിൾ വായിച്ചതും പത്തു കല്പനകൾ പഠിച്ചതും അനുസ്മരിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ മതങ്ങളെയും സമമായി കണ്ട് മൂല്യങ്ങള്‍ പ്രചരിപ്പിക്കും. കുടുംബം, വിശ്വാസം, കഠിനാധ്വാനം, ദേശസ്‌നേഹം എന്നിവയ്‌ക്ക് ഊന്നല്‍ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
2024 നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2020ൽ ഡെമോക്രാറ്റിക് പാർട്ടിക്കു വേണ്ടി മത്സരിച്ച തുളസി ഗബ്ബാർഡിന് ശേഷം രാജ്യത്തെ രണ്ടാമത്തെ ഹിന്ദു പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് വിവേക് രാമസ്വാമി.