ടെഹ്‌റാന്‍: ഇസ്ലാമിക വസ്ത്രധാരണം ലംഘിക്കുന്ന സ്ത്രീകളുടെ ശിക്ഷ കടുപ്പിച്ച് ഇറാന്‍. നിയമം ലംഘിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ഉള്‍പ്പെടുത്തിയ നിയമത്തിനാണ് ഇറാന്‍ അംഗീകാരം നല്‍കിയത്.മൂന്ന് വര്‍ഷത്തെ ട്രയല്‍ പീരിഡും ബില്ലില്‍ പരാമര്‍ശിക്കുന്നു. ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അനുമതി കൂടി ലഭ്യമാകുന്നതോടെ ബില്‍ നിയമമാകും.
വിദേശ സര്‍ക്കാര്‍, മാധ്യമഗ്രൂപ്പുകള്‍, ശത്രുരാജ്യങ്ങള്‍ എന്നിവയുടെ കൂട്ടുപിടിച്ച് സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാതിരിക്കുകയോ ഉചിതമായ വസ്ത്രധാരണം പിന്തുടരുകയോ ചെയ്യാതിരുന്നാല്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.
ഇറാനില്‍ ഇസ്ലാമിക വസ്ത്രധാരണം കര്‍ശനമാക്കിയ നടപടിയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇതിനെതിരെ നിരവധി പേര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഇറാനില്‍ ശിരോവസ്ത്രം ധരിക്കാക്കത്തിന്റെ പേരില്‍ മതപോലീസിന്റെ കസ്റ്റഡിയില്‍ വെച്ച് 22 കാരിയായ മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ നിരവധി പ്രതിഷേധങ്ങള്‍ക്കാണ് ലോകം സാക്ഷിയായത്. വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടത്. വിദേശികളാല്‍ പ്രേരിതമായ കലാപമാണിതെന്ന് ആരോപിച്ച് ആയിരക്കണക്കിന് പേരെയാണ് ഇറാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്.
ഇസ്ലാമിക പ്രാർത്ഥനയോടെ പന്നിയിറച്ചി കഴിച്ച ഇന്തോനേഷ്യന്‍ യുവതിയ്ക്ക് രണ്ട് വര്‍ഷം തടവ്
സ്ത്രീകള്‍ തലയും കഴുത്തും മൂടുന്ന ശിരോവസ്ത്രം ധരിക്കണമെന്ന നിയമം ഇറാനില്‍ നിലനില്‍ക്കുന്നുണ്ട്. 1979 മുതല്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്. നിയമം ലംഘിക്കുന്ന സ്ത്രീകളെയും സംഘടനകളെയും നിരീക്ഷിക്കാന്‍ പ്രത്യേകം പോലീസ് പട്രോളിംഗും ഈയടുത്തായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമം പാലിക്കാത്തതിന്റെ പേരില്‍ നിരവധി ബിസിനസ് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. കൂടാതെ പൊതുയിടങ്ങളില്‍ നിരീക്ഷണ ക്യാമറകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലുള്ള മുഖാവരണം എപ്പോഴും ഭൂമിശാസ്ത്രപരവും സാമൂഹിക സാമ്പത്തികവും ചരിത്രപരവുമായ സന്ദര്‍ഭങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നുവെന്നും, ഈ വിഷയം ഇറാനില്‍ വളരെക്കാലമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും ബ്രൂക്കിംഗ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു.
തന്റെ രാജ്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനും ദേശീയ സ്വത്വബോധം വളര്‍ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനിലെ ആദ്യത്തെ അധികാരിയിരുന്ന പഹ്ലവി ഷാ 1936-ല്‍ മൂടുപടം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമെ പുരുഷന്മാര്‍ക്ക് യൂറോപ്യന്‍ ശൈലിയിലുള്ള തൊപ്പികളും അദ്ദേഹം നിര്‍ബന്ധമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, ഷാ നാടുകടത്തപ്പെടുകയും അദ്ദേഹത്തിന്റെ ഇളയ മകന്‍ ഭരണാധികാരിയായി അധികാരമേല്‍ക്കുകയും ചെയ്തതോടെ ഈ ഉത്തരവ് റദ്ദാക്കപ്പെട്ടു.
വിപ്ലവാനന്തര കാലഘട്ടത്തിന്റെ തുടക്കത്തിലും, ജനങ്ങള്‍ക്ക് മേല്‍ ഹിജാബ് അടിച്ചേല്‍പ്പിക്കാനും നടപ്പിലാക്കാനുമുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ കടുത്ത എതിര്‍പ്പിന് വിധേയമായെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് 1979 മാര്‍ച്ചില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി പുതിയ നേതൃത്വത്തിന്റെ ശിരോവസ്ത്രം നിയമം തങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ഭീഷണിയാണെന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധങ്ങള്‍ ശക്തമായെങ്കിലും ഇത് കണക്കിലെടുക്കാതെ ഇറാനില്‍ ബലപ്രയോഗത്തിലൂടെയും പിന്നീട് നിയമത്തിലൂടെയും നിര്‍ബന്ധിത ഹിജാബ് നടപ്പിലാക്കുകയായിരുന്നു. നിലവില്‍ രാജ്യത്ത് ഇതുസംബന്ധിച്ച ഏത് ലംഘനത്തിനും ചെറിയ പിഴയും രണ്ട് മാസത്തെ തടവും ലഭിക്കും.
പ്രതിഷേധങ്ങള്‍
വര്‍ഷങ്ങളായി, ഇറാനില്‍ ഇത്തരം പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ ടെഹ്‌റാനില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് 2017 ഡിസംബറില്‍ 35-ലധികം സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. ഹിജാബ് വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നു. 2018 ഏപ്രിലില്‍ ടെഹ്‌റാനില്‍ ശിരോവസ്ത്രം അഴിച്ചതിന്റെ പേരില്‍ ഒരു സ്ത്രീയെ ഒരു വനിതാ സദാചാര പോലീസ് ഉദ്യോഗസ്ഥ തല്ലിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം ലോകമെമ്പാടും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇറാന്‍ വനിതാ കാര്യ വൈസ് പ്രസിഡന്റ് മസൗമെ എബ്‌തേക്കര്‍ ഇതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു.