വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; ഇറാഖില്‍ തീപിടിത്തത്തിൽ വരനും വധുവും ഉൾപ്പെടെ 114 പേർ മരിച്ചു


ബാഗ്‍ദാദ്: ഇറാഖിലെ നിനേവ പ്രവിശ്യയിൽ വടക്കൻ ഇറാഖ് നഗരമായ ഹംദാനിയയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു. 150 ഓളം പേർക്ക് പരിക്കേറ്റു. വിവാഹചടങ്ങിനോട് അനുബന്ധിച്ച് ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചുവെന്നും ഇതിൽ നിന്നും തീപ്പൊരി ചിതറിത്തെറിച്ചതാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്നും അധികൃതര്‍ പറയുന്നു. അപകടത്തിൽ വധുവും വരനും കൊല്ലപ്പെട്ടതായി പ്രാദേശിയ മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച രാത്രി ആയിരുന്നു ദുരന്തം സംഭവിച്ചത്. വിവാഹ ചടങ്ങ് നടന്ന ഹാളിലുണ്ടായിരുന്ന പ്രീഫാബ്രിക്കേറ്റഡ് പാനലുകളാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പെട്ടെന്ന് തീ പിടിക്കുന്ന ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് അലങ്കാരത്തിന്റെ ഭാഗമായി ഉപയോഗിച്ചതെന്നും കണ്ടെത്തി. ചെലവ് കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചതെന്ന ആരോപണം അപകടത്തിന് പിന്നാലെ ഉയർന്നിരുന്നു. തീപിടിത്തത്തിൽ ഹാളിലെ സീലിങ്ങിന്‍റെ ചില ഭാഗങ്ങളും ഇടിഞ്ഞുവീണു. പരിക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി മേഖലാ ഗവർണർ ഇറാഖി വാർത്താ ഏജൻസിയായ ഐഎൻഎ പറഞ്ഞു.

മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വടക്കൻ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്.

പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുദാനി തീപിടിത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും രാജ്യത്തിന്റെ ആഭ്യന്തര, ആരോഗ്യ ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

Summary: At least 114 people were killed and over 150 were injured early Wednesday when a fire broke out at a wedding inside an event hall in the northern Iraqi town of Hamdaniyah, news agency Associated Press said in a report.