‘മനുഷ്യാവകാശത്തിന്റെ പേരില്‍ കാനഡ കുറ്റവാളികളെ സംരക്ഷിക്കുന്നു’: ഇന്ത്യയ്ക്ക് ബംഗ്ലാദേശ് പിന്തുണ


കൊലപാതകികളുടെ കേന്ദ്രമായി കാനഡ മാറിയെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള്‍ മോമെന്‍. മനുഷ്യാവകാശത്തിന്റെ പേരില്‍ കാനഡ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡ കൊലപാതകികളുടെ കേന്ദ്രമായി മാറരുതെന്നും കൊലപാതകം നടത്തിയവര്‍ക്ക് കാനഡയില്‍ പോയി അഭയം പ്രാപിക്കാൻ സാധിക്കുന്നുവെന്നും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുമ്പോള്‍ കുറ്റവാളികൾ അവിടെ മനോഹരമായ ജീവിതം നയിക്കുകയാണെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുറ്റവാളികളെ കൈമാറുന്നതില്‍ കാനഡ സ്വീകരിക്കുന്ന നിലപാട്, പ്രത്യേകിച്ച് വധശിക്ഷ നിര്‍ത്തലാക്കുന്നതിലെ നിലപാട് എന്നിവ കുറ്റവാളികള്‍ക്ക് സംരക്ഷണ കവചമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

”ഞങ്ങളുടെ നീതിന്യായ വ്യവസ്ഥ വളരെ സ്വതന്ത്രമാണ്. സര്‍ക്കാരിന് അതില്‍ ഇടപെടാന്‍ കഴിയില്ല, എന്നാല്‍ നൂര്‍ ചൗധരിക്ക് വധശിക്ഷ കിട്ടാനുള്ള സാധ്യതയുണ്ട്. ബംഗ്ലാദേശിലേക്ക് തിരികെ വരികയാണെങ്കില്‍ നൂര്‍ ചൗധരിക്ക് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാവുന്നതാണ്. രാഷ്ട്രപതി അതിന് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും,” അബ്ദുള്‍ മോമന്‍ പറഞ്ഞു. ബംഗ്ലാദേശ് പ്രസിഡന്റ് ഷെയ്ഖ് മുജിബൂര്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ പങ്കുള്ള വ്യക്തിയാണ് മുന്‍ ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായ നൂര്‍ ചൗധരി. ഇയാള്‍ ഇപ്പോള്‍ കാനഡയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

കാനഡയും ഇന്ത്യയും ബംഗ്ലാദേശിന്റെ സുഹൃത്തുക്കളാണെന്നും ഈ രാജ്യങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും അബ്ദുള്‍ മോമന്‍ പറഞ്ഞു. ഇന്ത്യക്കും കാനഡയ്ക്കുമിടയിലുള്ള പ്രശ്‌നം എന്താണെന്ന് അറിയില്ലെന്നും അതേസമയം, ബംഗ്ലാദേശിന് കാനഡയുമായുള്ള പ്രശ്‌നമെന്തെന്ന് കൃത്യമായി തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Also read-‘പ്രസിഡന്റായാൽ എഫ്ബിഐ അടച്ചുപൂട്ടും, 75% തൊഴിലാളികളെ വെട്ടി കുറയ്ക്കും’: വിവേക് രാമസ്വാമി

നൂര്‍ ചൗധരിയെ ബംഗ്ലാദേശിന് കൈമാറാന്‍ ആവശ്യപ്പെട്ടുവെങ്കിലും തങ്ങള്‍ പറയുന്നത് എന്തെന്ന് ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പല തരത്തിലുള്ള ഒഴിവുകഴിവുകളാണ് അവര്‍ അതിന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെക്കാലമായി കാനഡയില്‍ കഴിയുന്ന നൂര്‍ ചൗധരി കനേഡിയന്‍ പൗരത്വം സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയണമെന്നും അദ്ദേഹം അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കനേഡിയന്‍ കോടതിയെ സമീപച്ചുവെന്നും നൂര്‍ ചൗധരിയുടെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിന് വിരുദ്ധമായ നിലപാട് ആണ് കനേഡിയന്‍ സര്‍ക്കാര്‍ എടുക്കുന്നത്. ഒരു രാജ്യത്ത് വധശിക്ഷ നിലവിലുണ്ടെങ്കില്‍ ആ രാജ്യത്തേക്ക് കുറ്റവാളിയെ കൈമാറാന്‍ കഴിയില്ലെന്നാണ് കാനഡയുടെ നിലപാട്. മനുഷ്യാവകാശത്തിന്റെ പേരില്‍ കാനഡ ഭീകരവാദമെന്ന വലിയ ആശങ്കയെ അവഗണിക്കുകയാണ്. മനുഷ്യാവകാശമെന്ന സങ്കല്‍പ്പത്തെ പലരും പല സമയങ്ങളില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. അത് ദൗര്‍ഭാഗ്യകരമാണ്. കാരണം ഇത് ചില ആളുകള്‍ക്ക് കൊലപാതകികളെയും തീവ്രവാദികളെയും സംരക്ഷിക്കാനുള്ള ഒരു ഒഴിവുകഴിവായി മാറിയിട്ടുണ്ട്. ഇതില്‍ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ കൊലപാതകികളും തീവ്രവാദികളും നിയമം അനുശാസിക്കുന്ന നടപടികള്‍ നേരിടണം. എല്ലാ രാജ്യങ്ങളും ഇതിനായി സഹകരിക്കണം. ഇതൊക്കെ അടിസ്ഥാനപരമായ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച്, മറ്റെല്ലാ ചെറിയ ദേശീയ താത്പര്യങ്ങളും അവഗണിക്കപ്പടണം, അബ്ദുള്‍ മോമന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

അതിനാല്‍, ഏതൊരു കൊലപാതകിയും തീവ്രവാദിയും നീതിയെ നേരിടുന്നതിന് എല്ലാവരും ഒന്നിച്ച് നില്‍ക്കണം. പാകിസ്താനിയെന്നോ ഇന്ത്യക്കാരനെന്നോ ബംഗ്ലാദേശിയെന്നോ കനേഡിയന്‍ എന്നതോ ഇവിടെ വിഷയമല്ല. എല്ലാ ഭീകരവാദികളും നീതിയെ നേരിടണമെന്നും, മന്ത്രി കൂട്ടിച്ചേര്‍ത്തു.