ബ്രിട്ടണിലെ പുരാതനവും ലോകപ്രസിദ്ധവുമായ മരം വെട്ടിയ കേസില്‍ 16കാരന്‍ അറസ്റ്റില്‍. നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായ മരമാണ് വെട്ടിവീഴ്ത്തിയത്. ഏകദേശം 200 വര്‍ഷത്തെ പഴക്കമുള്ള മരമാണിതെന്നാണ് പറയപ്പെടുന്നത്.
വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ ഹാട്രിയന്‍ മതിലിന് സമീപമുള്ള മരമാണ് വെട്ടിയിട്ടത്. സികാമോര്‍ ഗാപ് മരമാണ് ഒറ്റരാത്രികൊണ്ട് നിലംപൊത്തിയത്. മരത്തിന്റെ അടിഭാഗം ആരോ വൃത്തിയായി യന്ത്രം കൊണ്ട് മുറിച്ച നിലയിലാണ് കാണപ്പെട്ടതെന്ന് സംഭവസ്ഥലത്തെത്തിയ എഎഫ്പി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധി നേടിയ മരമാണിത്. 1991ല്‍ കെവിന്‍ കോസ്റ്റ്‌നര്‍ അഭിനയിച്ച ‘റോബിന്‍ഹുഡ്: പ്രിന്‍സ് ഓഫ് തീവ്‌സ്’ എന്ന ചിത്രത്തിലെ ഒരു രംഗത്തിന് ഈ മരം പശ്ചാത്തലമായിരുന്നു.
അതേസമയം, മരം വെട്ടിയ സംഭവത്തില്‍ 16കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവവുമായി 16കാരന് ബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്. നോര്‍ത്തുംബ്രിയ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
മരംവെട്ടിയതിൽ പ്രാദേശിക സമൂഹത്തിനുള്ളിലും പുറത്തും കാര്യമായ രോഷമുണ്ടാക്കിയുണ്ട്. പലരും തങ്ങളുടെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയെന്നും പോലീസ് സൂപ്രണ്ട് കെവിന്‍ വാര്‍ണിംഗ് പറഞ്ഞു. അന്വേഷണ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ല്‍ വുഡ്‌ലാന്‍ഡ് ട്രസ്റ്റിന്റെ ട്രീ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ മരമാണ് സികാമോര്‍. ഇവിടെയെത്തുന്ന ലക്ഷക്കണക്കിന് വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രം കൂടിയായിരുന്നു ഈ മരം.
”മനപ്പൂര്‍വ്വം വെട്ടിവീഴ്ത്തിയത്”
മരം ആരോ മനപ്പൂര്‍വ്വം വെട്ടിവീഴ്ത്തിയതാണെന്നാണ് നോര്‍ത്തംബര്‍ലാന്‍ഡ് നാഷണല്‍ പാര്‍ക്ക് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ടോണി ഗേറ്റ്‌സ് പറഞ്ഞു.
‘ഇത് വളരെ സങ്കടകരമാണ്. ആരാണ്, എന്തിനാണ് എങ്ങനെയാണ് മരം മുറിച്ചത് എന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഞങ്ങള്‍,’ എന്നും അദ്ദേഹം പറഞ്ഞു.
”ഒരുപാട് പേര്‍ക്ക് വളരെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്. പലരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ തങ്ങളുടെ ഹൃദയം കൈമാറിയത് ഇവിടെ വെച്ചാകാം. കുടുംബങ്ങളുടെ മറക്കാനാകാത്ത പല നിമിഷങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ടാകും. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം ഇവിടെ നിക്ഷേപിച്ചിരിക്കാം. എങ്ങനെ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാന്‍ തോന്നി,” എന്നും ഗേറ്റ്‌സ് പറഞ്ഞു.
എഡി 122ല്‍ ഹാഡ്രിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് നിര്‍മ്മിച്ചതാണ് ഹാഡ്രിയന്‍ മതില്‍. റോമന്‍ ബ്രിട്ടാണിയ്ക്കും കാലിഡോണിയയ്ക്കുമിടയില്‍ അതിര്‍ത്തിയായി ഇത് നിലകൊള്ളുന്നു.
നിരവധി പട്ടാളക്കാരും കുടുംബങ്ങളും ഈ മതിലിനോട് ചേര്‍ന്നാണ് കഴിഞ്ഞിരുന്നത്. ഇതിന്റെയെല്ലാം തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ ശേഖരിക്കുകയും ചെയ്തിരുന്നു. റോമന്‍ ജീവിതത്തെക്കുറിച്ച് സൂചന നല്‍കിയ അവശിഷ്ടങ്ങളായിരുന്നു ഇത്.
ദശലക്ഷക്കണക്കിന് ആളുകളുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന സ്ഥലമായിരുന്നു സികാമോര്‍ ഗാപ് എന്ന് നോര്‍ത്തുംബ്രിയ പോലീസ് ക്രൈം കമ്മീഷണര്‍ കിം മക്ഗിന്നസ് പറഞ്ഞു. ക്രൂരമായ പ്രവര്‍ത്തിയെന്നാണ് അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിച്ചത്.