ഉയിഗൂര്‍ മുസ്ലിം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി ‘അനാഥരായി’ വളർത്തുന്നു; ചൈനയുടെ വംശഹത്യയ്‌ക്കെതിരെ ആക്ടിവിസ്റ്റുകള്‍


ചൈനയിലെ ഷിജിയാംഗ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്ലീം കുട്ടികളെ തങ്ങളുടെ മാതാപിതാക്കളില്‍ നിന്നകറ്റി ബോര്‍ഡിംഗ് സ്‌കൂളുകള്‍ എന്ന നിലയില്‍ സ്ഥാപിച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പറഞ്ഞയയ്ക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. അനാഥ കുട്ടികൾ ആയാണ് ഇവരെ പരിഗണിക്കുന്നതെന്നും ഉയിഗൂര്‍ ന്യൂനപക്ഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ സിഎന്‍എന്‍-ന്യൂസ് 18നോട് പറഞ്ഞു.

” ഇവരുടെ മാതാപിതാക്കളെ തടങ്കല്‍പ്പാളയത്തിലേക്ക് പറഞ്ഞയയ്ക്കുന്നു. അവിടെ അവരെ തടവുകാരെ പോലെയാണ് പരിഗണിക്കുന്നത്. ഈ കുട്ടികള്‍ക്ക് അവരുടെ സ്വത്വം നഷ്ടപ്പെടുകയാണ്. എല്ലാ രാജ്യങ്ങളും പ്രസ്താവനയിറക്കുന്നതല്ലാതെ ചൈനയുമായി ആരും സംസാരിക്കുന്നില്ല,” എന്നും ഉയിഗൂര്‍ ആക്ടിവിസ്റ്റുകൾ പറയുന്നു. ഷിന്‍ജിയാംഗിലെ ബോര്‍ഡിംഗ് സ്‌കൂളുകളെപ്പറ്റിയുള്ള ആരോപണങ്ങളില്‍ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇവിടെ കുട്ടികളെ മന്ദാരിൻ ഭാഷ നിര്‍ബന്ധമായി പഠിപ്പിക്കുകയാണ്. കൂടാതെ ഹാന്‍ സംസ്‌കാരം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയുമാണെന്ന് യുഎന്‍ വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു.

” ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇവിടുത്തെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളെപ്പറ്റി യുഎന്‍ ഒന്നും സംസാരിച്ചിട്ടില്ല,” ഉയിഗൂര്‍ ആക്ടിവിസ്റ്റുകള്‍ പറയുന്നു. ”ഷിജിയാംഗിലെ ബോര്‍ഡിംഗ് സ്‌കൂളുകളെപ്പറ്റി ഞങ്ങള്‍ ആശങ്കയിലാണ്. ഔദ്യോഗിക ഭാഷയിലാണ് ഇവിടെ പഠനം. നിര്‍ബന്ധിത സ്വാംശീകരണത്തിനും മന്ദാരിൻ ഭാഷ നിര്‍ബന്ധിതമായി പഠിക്കുന്നതിനും കുട്ടികളെ പ്രേരിപ്പിക്കുകയാണ്,”എന്നായിരുന്നു ഐക്യരാഷ്ട്ര സഭാ വിദഗ്ധര്‍ പറഞ്ഞത്. ഈ നയത്തിന്റെ വിവേചന സ്വഭാവത്തെപ്പറ്റിയും ഐക്യാരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശലംഘനത്തിന് തുല്യമാണിതെന്നും വിദഗ്ധര്‍ പറഞ്ഞു.

ഉയിഗൂര്‍ മുസ്ലീം വംശത്തില്‍പ്പെട്ട കുട്ടികളെ വലിയ തോതില്‍ അവരുടെ കുടുംബങ്ങളില്‍ നിന്ന് മാറ്റുന്നതായി യുഎന്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. അവരില്‍ പലരും വളരെ ചെറിയ പ്രായത്തിലുള്ളവരാണ്. ഈ കുട്ടികളുടെ മാതാപിതാക്കള്‍ തടങ്കല്‍ പാളയങ്ങളിലോ മറ്റ് പ്രദേശങ്ങളിലോ ആണ്. ഈ കുട്ടികളെ മുഴുവന്‍ സമയ ബോര്‍ഡിംഗ് സ്‌കൂളിലേക്കോ അനാഥാലയങ്ങളിലേക്കോ മാറ്റിയിരിക്കുകയാണ്. മന്ദാരിൻ ഭാഷ മാധ്യമമായുള്ള സ്ഥാപനങ്ങള്‍ കൂടിയാണിവ.” ഇത് കുട്ടികള്‍ക്ക് അവരുടെ സമുദായവുമായുള്ള ബന്ധം ഇല്ലാതാക്കും. അവരുടെ മത-സാംസ്‌കാരിക സ്വത്വത്തെയും ഇല്ലാതാക്കും,” വിദഗ്ധര്‍ പറയുന്നു.

ഇത്തരം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉയിഗൂര്‍ ഭാഷയില്‍ വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. മന്ദാരിനിൽ മാത്രം ആശയവിനിമയം നടത്താന്‍ അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറുകയാണ്.ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിന് നിരന്തരം വിധേയരാകുകയാണ് രാജ്യത്തെ ഉയിഗൂര്‍ മുസ്ലീങ്ങള്‍. ചൈനയില്‍ താമസിക്കുന്ന കസാഖ് വംശജരും അടിച്ചമര്‍ത്തലും പീഡനവും നേരിടുന്നുണ്ടെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തിന്റെ ഭൂമി പിടിച്ചെടുക്കല്‍ നയത്തിനെതിരെയും ഉയിഗുര്‍ മുസ്ലീമുകളെ അടിച്ചമര്‍ത്തുന്നതിനെരെയും സംസാരിക്കുന്നതിന് ചൈനീസ് ഭരണകൂടത്തില്‍ നിന്നും താന്‍ അടിച്ചമര്‍ത്തല്‍ നേരിടുകയാണെന്ന വെളിപ്പെടുത്തലുമായി കസാഖ് മാധ്യമപ്രവര്‍ത്തക ഷനാര്‍ഗുല്‍ സുമാതായ് രംഗത്തെത്തിയിരുന്നു (Zhanargul Zhumatai). ദ ഡിപ്ലോമാറ്റ് മാസികയോട് സുമാതായ് തന്റെ ദുരവസ്ഥ വിവരിച്ചു. 2017 മുതല്‍ താന്‍ നിരന്തരം പീഡനം നേരിടുകയാണെന്നും അവര്‍ വെളിപ്പെടുത്തി.

സുമാതായ്‌ക്കെതിരെ ചൈന ഉയര്‍ത്തുന്ന ആരോപണങ്ങള്‍ എന്തൊക്കെ?

കസാഖ്സ്ഥാന്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ കോര്‍പ്പറേഷന്റെ മുന്‍ എഡിറ്ററും ഗായികയും കൂടിയാണ് ഷനാര്‍ഗുല്‍ സുമാതായ്. കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനിടെ, ചൈനയില്‍ നിരോധിക്കപ്പെട്ട ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനാണ് സുമാതായ് ആദ്യം കസ്റ്റഡിയിലായത്. അമേരിക്കയില്‍ താമസിക്കുന്ന കസാഖ് ആക്ടിവിസ്റ്റായ സെറിക്സാന്‍ ബിലാഷുമായി ബന്ധപ്പെട്ടതിനും സുമാതായ് അറസ്റ്റും പീഡനവും നേരിട്ടു. ഒരിക്കല്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന സുമാതായിയെ ബെയ്ജിങ്ങിലേക്ക് ക്ഷണിച്ചു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അവരെ അറസ്റ്റു ചെയ്ത് തടങ്കലില്‍ പാര്‍പ്പിക്കുകയാണ് ഉണ്ടായത്.

ഈ തടങ്കല്‍പ്പാളയങ്ങളില്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്നും അവരില്‍ കൂടുതലും മുസ്ലീങ്ങള്‍ ആണെന്നും ചൈനീസ് അധികാരികള്‍ നിയമവിരുദ്ധമായി അവരെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും സുമാതായ് വെളിപ്പെടുത്തി. ജയിലിനുള്ളില്‍ മര്‍ദനവും പീഡനവും പതിവായിരുന്നുവെന്നും ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യച്ചില്ലെന്നും അവര്‍ പറഞ്ഞു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ആശയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണെന്ന് ജയിലധികാരികള്‍ തന്നോട് പറഞ്ഞതായും സുമാതായ് വെളിപ്പെടുത്തി. ഇത്തരം തടങ്കല്‍ പാളയങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നുണ്ടെന്നും സുമാതായ് പറഞ്ഞു.