വിട്ടുവീഴ്ചയ്ക്കൊരുങ്ങി ഹമാസ്; ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ 70 ബന്ദികളെ മോചിപ്പിക്കാം


ഇസ്രയേൽ ഹമാസ് യുദ്ധം ഒന്നരമാസമാവുകയാണ്. രൂക്ഷമായ ആക്രമണങ്ങളും ബോംബിംഗുമെല്ലാമായി ചരിത്രത്തിൽ ഇരു പക്ഷവും തമ്മിൽ ഇന്നോളം ഉണ്ടായതിൽ ഏറ്റവും ശക്തമായ യുദ്ധമാണ് നടക്കുന്നത്. വെടിനിർത്തൽ ഇല്ലെന്ന കർശന നിലപാടിലാണ് ഇസ്രയേൽ. നാനാദിക്കിലും നിന്ന് കനത്ത ആക്രമണം നടത്തുന്ന ഇസ്രയേൽ നീക്കങ്ങളിൽ ഹമാസിന് നിൽക്കക്കള്ളിയില്ലാതായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രയേൽ തയാറായാൽ എഴുപതു ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയിരിക്കുകയാണ്.

അഞ്ചു ദിവസത്തേക്ക് ഇസ്രയേൽ വെടിനിർത്തലിന് തയാറായാൽ സ്ത്രീകളും കുട്ടികളും അടക്കം ബന്ദിയാക്കിയിരിക്കുന്ന എഴുപതുപേരെ മോചിപ്പിക്കാം. ഇക്കാര്യം ഖത്തറി മധ്യസ്ഥർ മുഖേന ഇസ്രയേലിനെ ഹമാസ് അറിയിച്ചിട്ടുണ്ട്. ഇരുനൂറു പലസ്തീനികളെ ഇസ്രയേൽ സൈന്യം ബന്ദികളാക്കിയിട്ടുണ്ടെന്ന ആരോപണവും ഹമാസ് ഉന്നയിക്കുന്നുണ്ട്.

മൃതദേഹങ്ങൾ സംസ്കരിക്കാനാകുന്നില്ല; ശ്മശാന സമാനമായി ഗാസയിലെ അല്‍ ഷിഫ ആശുപത്രി

വെടിനിർത്തലിനായി എഴുപത് ഇസ്രേലി ബന്ദികളെ വിട്ടയക്കുമ്പോൾ ഇസ്രയേൽ ബന്ദികളാക്കി വച്ചിരിക്കുന്ന 200 പലസ്തീനികളെയും മോചിപ്പിക്കണമെന്നും ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദ പറയുന്നു.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രണത്തോടെയാണ് യുദ്ധത്തിന് തുടക്കമായത്. ഈ മിന്നലാക്രമണത്തിലാണ് ഹമാസ് ഇരുനൂറ്റമ്പതോളം പേരെ ബന്ദിയാക്കി ഗാസയിലേക്കു കൊണ്ടുപോയത്. ഇവരെക്കുറിച്ച് ഒരു വിവരവും പിന്നീട് കിട്ടിയിട്ടില്ല. രണ്ടു പേരെ മോചിപ്പിച്ചതൊഴിച്ചാൽ രാജ്യാന്തര സമൂഹത്തിന്റെ അഭ്യർഥന പോലും ഹമാസ് അനുസരിക്കാൻ തയാറായിട്ടില്ല. ഇസ്രയേൽ നടത്തിയ ബോംബാക്രണത്തിൽ ബന്ദികളിൽ ചിലർ കൊല്ലപ്പെട്ടെന്നും ഹമാസ് അറിയിച്ചിരുന്നു. ഒടുവിൽ ഇപ്പോൾ വെടിനിർത്തലിന് ഗത്യന്തരമില്ലാതെയാണ് ബന്ദികളെ മോചിപ്പിക്കാമെന്ന ഓഫർ ഹമാസ് വയ്ക്കുന്നത്.

ആയിരത്തോളം പേരെ ബന്ദികളാക്കിയ ഹമാസ് ഭീകരൻ അഹമ്മദ് സിയാമിനെ വധിച്ചെന്ന് ഇസ്രായേൽ

എന്തായാലും ഹമാസിന്റെ നിലപാടിനോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു വിധേനയും സമ്പൂർണ വെടിനിർത്തലിനില്ലെന്ന നിലപാടാണ് ഇസ്രയേലിന്റേത്. മാനുഷിക സഹായം എത്തിക്കാൻ വേണമെങ്കിൽ നാലോ അഞ്ചോ മണിക്കൂർ യുദ്ധത്തിന് ഇടവേള നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് മാത്രമാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ പോലും സമ്പൂർണമായ ഒരുറപ്പ് നെതന്യാഹു പറയുന്നില്ല. അമേരിക്കയ്ക്കും വെടിനിർത്തൽ എന്ന ആശയത്തോട് യോജിപ്പില്ല.

അതുകൊണ്ടുതന്നെ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് സന്നദ്ധരായത് ഇസ്രയേലിന്റെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടതാണ്. ബന്ദികളെ മോചിപ്പിക്കാമെന്ന് അറിയിച്ചിട്ടും ഇസ്രയേൽ അനുകൂലമായി പ്രതികരിക്കാത്തതിനെയും ഹമാസ് വിമർശിക്കുന്നുണ്ട്. ഇസ്രയേൽ അവസരം മുതലാക്കുകയാണെന്നും മാനുഷിക വശം പരിഗണിച്ച് ഇടവേള നൽകുന്നതിന് പകരം പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ഇസ്രയേൽ എന്നുമാണ് ഹമാസ് പറയുന്നത്. അതേസമയം, ഇസ്രയേൽ പറയുന്നതാകട്ടെ, ഹമാസ് വെടിനിർത്തൽ ആവശ്യപ്പെടുന്നത് കൂടുതൽ ഭീകര പ്രവർത്തനത്തിന് വേണ്ടിയാണെന്നാണ്.

‘ഇസ്രായേലിന് ഗുണം ചെയ്യില്ല’: ഗാസ വീണ്ടും പിടിച്ചെടുക്കുന്നതിനോട് ജോ ബൈഡന് എതിര്‍പ്പെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍

ഇസ്രയേൽ ബോംബാക്രമണവും മിസൈൽ ആക്രമണവും ശക്തമാക്കിയതോടെ ഗാസയിലെ ഹമാസ് ഭീകരർ ആശുപത്രികളിലാണ് തമ്പടിച്ചത്. അതോടെ ഇസ്രേലി സൈന്യം ഇവിടങ്ങളിലും ആക്രമണം നടത്തുകയായിരുന്നു. ഇത് രാജ്യാന്തര തലത്തിൽ വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, ഹമാസ് ഭീകരരെ തുരത്താൻ വേറെ വഴിയില്ലാത്തതിനാൽ ആണ് ആശുപത്രികൾ ആക്രമിച്ചത് എന്ന് ഇസ്രയേൽ വിശദീകരിച്ചു.

ഹമാസിന് ഗാസയുടെ നിയന്ത്രണം പൂർണമായി നഷ്ടമായതിനാലാണ് ഇപ്പോൾ വെടിനിർത്തൽ എന്ന നിലപാട് മുന്നോട്ട് വയ്ക്കുന്നതെന്നാണ് ഇസ്രയേൽ പറയുന്നത്. വടക്കുകിഴക്കൻ ഗാസ പൂർണമായി പിടിച്ചെടുത്തതായും ഇസ്രയേൽ അവകാശപ്പെട്ടു. ഭീകരർ ഇപ്പോൾ തെക്കൻ ഗാസയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത് എന്നാണ് ഇസ്രയേൽ പറയുന്നത്.