പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചു കൊന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ബുധനാഴ്ച പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോർട്ട്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി 2ന് ആരംഭിച്ച പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. സിയാൽകോട്ടിൽ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാൻ 4 ജെയ്‌ഷെ ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു.
ജമ്മു കശ്മീരിലെ നിരവധി ഭീകരരുമായി ബന്ധമുള്ള ഷാഹിദ്, നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്. ജെയ്ഷെ മുഹമ്മദിന്റെ മാതൃസംഘടനയായ ഹർക്കത്ത്-ഉൽ- മുജാഹിദ്ദീന്റെ പ്രവർത്തനങ്ങളിലൂടെ തൊണ്ണൂറുകളിലാണ് ഗുജ്രൻവാല സ്വദേശിയായ ഷാഹിദ് ലത്തീഫ് ഭീകരപ്രവർത്തനം ആരംഭിച്ചത്. 1994 നവംബറിൽ ഇന്ത്യയിൽ വച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു. തുടർന്ന് ജയിലായി. ശേഷം 2010ൽ വാഗ വഴി പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു.
1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും ഷാഹിദ് ലത്തീഫ് പ്രതിയായിരുന്നു. 2016 ജനുവരി 2ന് പാകിസ്ഥാനിൽ നിന്നെത്തിയ ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ട ഭീകരർ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ കടന്ന് ആക്രമണം നടത്തുകയായിരുന്നു. ഭീകരരെ നേരിടുന്നതിനിടെ ലഫ്. കേണൽ ഇ കെ നിരഞ്ജൻ ഉൾപ്പെടെ ഏഴു സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.
Summary: Shahid Latif, India’s most-wanted terrorist and mastermind of 2016 Pathankot attack, shot dead by unknown assailants in Pakistan’s Sialkot on Wednesday.