ഹമാസിന്റെ ഉന്നതനേതാവ് അബു മുറാദിനെ വധിച്ചെന്ന് ഇസ്രായേൽ| senior Hamas Military Commander Murad Abu Murad Dead In Israel Strike – News18 Malayalam
ഹമാസിന്റെ ഉന്നതനേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രായേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്ഥാനത്തിന് നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. എന്നാൽ അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രായേലിൽ നടന്ന മിന്നൽ ആക്രമണത്തിന് ഹമാസിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവചിച്ച വ്യക്തിയാണ് അബു മുറാദെന്ന് ദ് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇസ്രയേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ നിരവധി ഇസ്രയേലുകാർ കൊല്ലപ്പെട്ടിരുന്നു.
ഗാസയിൽ നടന്ന ബോംബാക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം വന്നതിനു പിന്നാലെയാണ് ഹമാസ് കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്. ‘ഞങ്ങളുടെ ശത്രുക്കൾ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എനിക്കു വെളിപ്പെടുത്താനാവില്ല’എന്നാണ് നെതന്യാഹു പറഞ്ഞത്.
ശത്രുക്കള്‍ തങ്ങള്‍ക്കെതിരേ ചെയ്തതൊന്നും മറക്കില്ല. പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് ജൂതര്‍ക്കെതിരേ തങ്ങളുടെ ശത്രുക്കള്‍ ചെയ്തത്. സമാനതകളില്ലാത്ത ശക്തിയോടെ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
‘ഞങ്ങള്‍ രാജ്യത്തിനുവേണ്ടി പല്ലും നഖവും ഉപയോഗിച്ച് പോരാടിക്കൊണ്ടിരിക്കുകയാണ്. ശത്രുക്കള്‍ ഞങ്ങള്‍ക്കെതിരെ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഒരിക്കലും മറക്കില്ല, പൊറുക്കില്ല. ശത്രുക്കള്‍ അനുഭവിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂ. ഞങ്ങളുടെ പദ്ധതി എന്താണെന്ന് വെളിപ്പെടുത്തുന്നില്ല, പക്ഷേ ഒരുകാര്യം പറയട്ടെ, ഇത് തുടക്കംമാത്രമാണ്’, നെതന്യാഹു പറഞ്ഞു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ഗാസയില്‍ വ്യാപക റെയ്ഡ് നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്നാണ് വിലയിരുത്തല്‍. മേഖലയിലെ ഹമാസ് സംഘാംഗങ്ങളെ ലക്ഷ്യമിട്ടും ബന്ദികളെ കണ്ടെത്താനുമാണ് റെയ്ഡ്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പുറത്തുവിട്ടു.