മുസ്ലീം ബാലൻ അമേരിക്കയിൽ കുത്തേറ്റ് മരിച്ചു; ഇസ്രായേൽ-ഹമാസ് യുദ്ധത്തിലെ വിദ്വേഷമെന്ന് സൂചന


അമേരിക്കയിൽ ആറു വയസുകാരനായ മുസ്ലിം ബാലൻ കുത്തേറ്റു മരിച്ചു. സംഭവത്തിന് ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ കുട്ടിയുടെ അമ്മക്കും കുത്തേറ്റു. 71 കാരനായ ജോസഫ് സ്യൂബ എന്നയാളാണ് വിശ്വാസത്തിന്റെ പേരിൽ ഈ കുറ്റകൃത്യം നടത്തിയതെന്നും പോലീസ് അറിയിച്ചു. 26 തവണയാണ് ഇയാൾ കുട്ടിയെ കുത്തിയത്.

ആക്രമണത്തെ ചെറുത്തുനിന്ന കുട്ടിയുടെ അമ്മ 911 എന്ന നമ്പറില്‍ വിളിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ വീടിനകത്തെ മുറിക്കുള്ളിൽ ഇരുവരും കുത്തേറ്റ നിലയിലായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തുകയായിരുന്നു. ‘നിങ്ങൾ മുസ്‌ലിംകൾ മരിക്കണം’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് കുട്ടിയുടെ മാതാവ് ഹനാൻ ഷാഹിൻ ഭർത്താവിന് അയച്ച ടെക്സ്റ്റ് മെസേജുകളിൽ നിന്ന് മനസിലാക്കിയതായി പോലീസ് പറഞ്ഞു.

Israel Hamas War: ‘ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്

 അതേസമയം, കൊല്ലപ്പെട്ട ബാലന്‍ ഏത് രാജ്യക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കിയില്ല. എന്നാല്‍, കുട്ടിയെ പലസ്തീനിയന്‍-അമേരിക്കന്‍ എന്നാണ് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സിന്റെ (Council on American-Islamic Relations (CAIR)) ചിക്കാഗോ ഓഫീസ് വിശേഷിപ്പിച്ചത്.

സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. “അമേരിക്കക്കാർ എന്ന നിലയിൽ, ഇസ്‌ലാമോഫോബിയയെയും മതത്തിന്റെ പേരിലുള്ള ഇത്തരം വിദ്വേഷ പ്രവൃത്തികളെയും എതിർക്കണം. ഇത്തരം പ്രവൃത്തികൾക്കെതിരെ പ്രതികരിക്കാതിരിക്കില്ലെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ വെറുപ്പിന് സ്ഥാനമില്ല,” ബൈഡൻ പറഞ്ഞു.