ഡൊണാള്‍ഡ് ട്രംപ്|Donald Trump says if re-elected will bar refugees from Gaza and expand Muslim travel ban – News18 Malayalam


ന്യൂയോര്‍ക്ക്: രണ്ടാമതും പ്രസിഡന്റായി അധികാരത്തിലെത്തിയാല്‍ ഹമാസിനെ പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരെ യുഎസില്‍ പ്രവേശിപ്പിക്കില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മാത്രമല്ല അധികാരം ലഭിച്ചാല്‍ പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് അനുകൂല പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോവയിലെ പ്രചരണത്തിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. വീണ്ടും പ്രസിഡന്റ് ആയാൽ ഇസ്രായേലിന്റെ അവകാശങ്ങളെ പിന്തുണയ്ക്കാത്തവരെ യുഎസിലേക്ക് കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂതവിരോധികളായ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഭീകരപ്രവര്‍ത്തനങ്ങള്‍ സജീവമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്ന കാര്യത്തില്‍ അദ്ദേഹം വിശദീകരണം നല്‍കിയില്ല.

അധികാരത്തിലിരുന്ന സമയത്ത് ട്രംപ് നടപ്പിലാക്കിയ കുടിയേറ്റ നയങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. കോടതി വരെ ഈ നയങ്ങളെ ചോദ്യം ചെയ്തിട്ടുമുണ്ട്.

Also read-Israel Hamas War: ‘ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്

അധികാരത്തിലിരുന്ന സമയത്ത് ചില മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അദ്ദേഹം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കീഴ്‌ക്കോടതിയില്‍ ഈ നയം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പിന്നീട് യുഎസ് സുപ്രീം കോടതി ഈ നിയമം ശരിവെച്ചു. എന്നാല്‍ ജോ ബൈഡന്‍ അധികാരത്തിലെത്തിയതോടെ ഈ നിരോധനം അവസാനിപ്പിക്കുകയായിരുന്നു.

ലിബിയ, സോമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. കുടിയേറ്റക്കാര്‍ പാമ്പുകളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ട്രംപിന്റെ പ്രസ്താവനകള്‍ ഇസ്ലാമോഫോബിക് ആണെന്ന് പറഞ്ഞ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ജെയിം ഹാരിസണ്‍ രംഗത്തെത്തിയിരുന്നു.

റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനേറ്റിംഗ് മത്സരം നടന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് അയോവ. കുടിയേറ്റവിരുദ്ധ സമീപനമാണ് ട്രംപ് സ്വീകരിച്ച് വരുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അടിസ്ഥാനഘടകമായത്.

” ഇസ്രായേല്‍ പോലൊരു രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ അയോഗ്യരാണ്. ഹമാസിനെ പിന്തുണയ്ക്കുന്നവരും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്കും അയോഗ്യത കല്‍പ്പിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ട്രംപിന്റെ എതിരാളികളില്‍ ഭൂരിഭാഗം പേരും ഹമാസ് ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തെ ഇവര്‍ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹമാസ് അനുകൂലികളെ യുഎസില്‍ നിന്നും പുറത്താക്കണമെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ മുന്നോട്ട് വെച്ചിട്ടില്ല. അമേരിക്കയുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്ന തീരുമാനത്തെ അനുകൂലിക്കുന്നുവെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗാസ അഭയാര്‍ത്ഥികള്‍ക്ക് നിരോധനമേർപ്പെടുത്തുമെന്നും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു. പ്രസിഡന്‍ഷ്യന്‍ നോമിനേഷനിലെ ട്രംപിന്റെ എതിരാളികളിലൊരാളാണ് ഇദ്ദേഹം.

കഴിഞ്ഞ ശനിയാഴ്ചയാണ് പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് ഇരച്ചെത്തിയെത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവില്‍ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ കൈവശമുള്ള ഇസ്രയേല്‍ സൈന്യം ഹമാസിന്റെ ആക്രമണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്. പലസ്തീന്‍ തീവ്രവാദ സംഘം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നും ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.