കാനഡ വിരുദ്ധ പ്രതിഷേധങ്ങളിൽ ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കാനഡ – News18 Malayalam


ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ നിന്നാണ് ഇന്ത്യ – കാനഡ നയതന്ത്ര സംഘർഷങ്ങൾ ആരംഭിച്ചത്. ഇതിനെ തുടർന്ന് ഇപ്പോൾ ഏറ്റവും പുതിയതായി ഇന്ത്യ സ്വീകരിച്ച നടപടിയാണ് ചർച്ചയായി മാറിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ സ്ഥിരീകരിച്ചതോടെ ഓരോ നിമിഷവും പുതിയ സംഭവ വികാസങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് കാനഡ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനുള്ള നടപടിയിലേക്ക് കടന്നത്.

അതിനാൽ കാനഡ വിരുദ്ധ പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള പ്രകടനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയിലെ തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കാനഡ. കാനഡയിലും ഇന്ത്യയിലും സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിനും ചില നിഷേധാത്മക വികാരങ്ങൾക്കും ഉള്ള സാധ്യതയും കാനഡ ചൂണ്ടിക്കാട്ടി. “കാനഡ വിരുദ്ധ പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള പ്രകടനങ്ങൾ ഉണ്ടാകാം. കൂടാതെ കാനേഡിയൻസ് ഭീഷണിപ്പെടുത്തലിനോ ഉപദ്രവിക്കലിനോ വിധേയരാകാം,” എന്നും കാനഡ മുന്നറിയിപ്പ് നൽകി.

India-Canada Row: ഇന്ത്യ – കാനഡ തർക്കം: ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചു

 അതേസമയം ന്യൂഡൽഹിയിലെ 21 കനേഡിയൻ നയതന്ത്രജ്ഞരെയും ആശ്രിതരെയും ഒഴികെ മറ്റെല്ലാ കനേഡിയൻ നയതന്ത്രജ്ഞരെയും ഒക്‌ടോബർ 20- നകം നീക്കം ചെയ്യണമെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരുന്നതായി കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രസ്താവനയിൽ വ്യക്തമാക്കി.യിരുന്നു. എന്നാൽ ഇന്ത്യയുടെ ഈ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും ജോളി പറഞ്ഞിരുന്നു.

കൂടാതെ ഇന്ത്യയുടെ ഈ നടപടി മൂലം ചണ്ഡീഗഢിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താൽക്കാലികമായി നിർത്തേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. കാനഡയിൽ നിന്ന് 62 നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നാണ് കഴിഞ്ഞ മാസം ഇന്ത്യ-കാനഡ ബന്ധം വഷളായത്. ജൂൺ 18 നാണ് ഇയാൾ കൊല്ലപ്പെട്ടത്. തുടർന്ന് ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് ഈ വിഷയത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ സുരക്ഷാ ഏജൻസികൾ സജീവമായി അന്വേഷിക്കുകയാണെന്നും ജസ്‌റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു.

‘നിയമവാഴ്ചയെ ബഹുമാനിക്കുന്നു’; ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജോർദാന്‍ രാജാവിനോട്

 ഈ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചെങ്കിലും വിഷയം പിന്നീട് ഇരുവശത്തുമുള്ള നയതന്ത്രജ്ഞരെ പുറത്താക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ഇത് അസംബന്ധമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യ ഇതിൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു. പിന്നീട് വർദ്ധിച്ചുവരുന്ന ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ചില കനേഡിയൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യ പൗരന്മാർക്ക് ജാഗ്രതാ നിർദേശവും നൽകിയിരുന്നു. മുൻവിധിയോടെയാണ് ഇന്ത്യയ്‌ക്കെതിരെ കാനഡ ആരോപണങ്ങൾ ഉന്നയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.