ഗാസയിലെ പള്ളിയ്ക്ക് നേരെ ഇസ്രായേല്‍ ആക്രമണം. സംഘര്‍ഷത്തിനിടെ ഗാസയിലെ പള്ളിയില്‍ അഭയം തേടിയ നിരവധി പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റതെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫിറിയസ് പള്ളിയുടെ കോമ്പൗണ്ടില്‍ ഉണ്ടായിരുന്നവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
യുദ്ധം രൂക്ഷമായതോടെ നിരവധി ഗാസ നിവാസികള്‍ അഭയം പ്രാപിച്ച പള്ളിയാണിതെന്നും അതിന് തൊട്ടടുത്താണ് ആക്രമണമുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ എഎഫ്പിയോട് പ്രതികരിച്ചു. ‘ ആക്രമണത്തില്‍ പള്ളിയുടെ ചുമരുകള്‍ തകര്‍ന്നിട്ടുണ്ട്. ആളപായമുണ്ടായതായ റിപ്പോര്‍ട്ട് പരിശോധിച്ച് വരുന്നു. സംഭവത്തെ നിരീക്ഷിച്ച് വരികയാണ്,” ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.
ആക്രമണത്തില്‍ പള്ളിയുടെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്ന് ആക്രമണം കണ്ടുനിന്നവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്തടുള്ള കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴാന്‍ തുടങ്ങി. പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസയില്‍ ഇപ്പോഴും വിശ്വാസികളെത്തുന്ന ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണ് സെന്റ് പോറിഫിറിയസ്. നഗരത്തിന്റെ ചരിത്രപരമായ പ്രദേശത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
‘ഇത് യുദ്ധക്കുറ്റം’
പള്ളിയുടെ പരിസരത്തുണ്ടായ ആക്രമണത്തെ അപലപിച്ച് ജറുസലേമിലെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ് രംഗത്തെത്തിയിരുന്നു. ” സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ക്ക് അഭയം നല്‍കിയ കേന്ദ്രങ്ങളാണിവ. കഴിഞ്ഞ 13 ദിവസമായി നടക്കുന്ന ആക്രമണത്തില്‍ വീടും ബന്ധുക്കളും നഷ്ടപ്പെട്ടവര്‍ക്കാണ് പള്ളി പരിസരത്ത് അഭയം നല്‍കിയത്. അത്തരം ആരാധാനാലയങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടേണ്ടതാണ്,” പാത്രിയാര്‍ക്കേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ തകര്‍ന്ന അല്‍-അഹ്ലി അറബ് ആശുപത്രിയ്ക്കടുത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. യുദ്ധത്തില്‍ ഇരുഭാഗവും പരസ്പരം പഴിചാരി രംഗത്തെത്തുകയാണ്. ആശുപത്രിയ്ക്ക് നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ വിമര്‍ശിച്ച് ഹമാസ് വൃത്തങ്ങൾ രംഗത്തെത്തിയിരുന്നു. ഏകദേശം 471 ലധികം പേര്‍ മരിച്ചെന്നാണ് ഗാസയിലെ ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഹമാസിനെ കുറ്റപ്പെടുത്തി ഇസ്രായേലും രംഗത്തെത്തിയിരുന്നു.
ഇസ്ലാമിക് ജിഹാദ് റോക്കറ്റ് തെറ്റായി തൊടുത്തുവിട്ടതാണ് ആശുപത്രിയില്‍ പതിക്കാന്‍ കാരണമായതെന്ന് അവര്‍ പറഞ്ഞു. ഗാസ മുനമ്പിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. മറ്റ് സംഘമാകാം ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ച ഗാസയിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തില്‍ 200നും 300 നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ” ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ അതീവ ദുഃഖിതനാണെന്നും താന്‍ മനസിലാക്കിയത് അനുസരിച്ച് ഇതിന് പിന്നില്‍ ഇസ്രായേല്‍ അല്ല മറ്റൊരു സംഘമാണെന്നും ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞിരുന്നു.കൂടാതെ ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.