അമേരിക്കയിലെ ജിമ്മില്‍ വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു; ചികിത്സയില്‍ കഴിഞ്ഞത് 9 ദിവസം
അമേരിക്കയിലെ ഇന്ത്യാനയിലെ ജിമ്മില്‍ വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. വാല്‍പരാസോ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വരുണ്‍ രാജ് പുച്ചയാണ് മരിച്ചത്. കഴിഞ്ഞ മാസം ഒക്ടോബര്‍ 29നാണ് യുവാവിനു കുത്തേറ്റത്. ഫോര്‍ട് വെയിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്.
സംഭവത്തിൽ 24 കാരൻ ജോർദാൻ ആൻഡ്രേഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോർട്ടർ ടൗൺഷിപ്പിലെ താമസക്കാരനാണ് ഇയാൾ. അതേസമയം ആക്രമണത്തിന് മുൻപ് ഇരുവരും തമ്മിൽ ഒരു തരത്തിലുള്ള വാക്കുതർക്കങ്ങളും മറ്റും ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
Also read-അമേരിക്കയിൽ ഇന്ത്യൻ വംശജന് ജിമ്മിൽ വെച്ച് കുത്തേറ്റു; എന്തോ പന്തികേട് തോന്നിയത് കൊണ്ട് ആക്രമിച്ചതെന്ന് പ്രതി
ഷിക്കാഗോയ്ക്കടുത്ത വല്പറെയ്സിയോയിലെ സ്വകാര്യ സര്‍വകലാശാലയിലാണ് വരുണ്‍ പഠിച്ചിരുന്നത്. വരുണിന്‍റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സര്‍വകലാശാല അറിയിച്ചു. നവംബര്‍ 16ന് ക്യാമ്പസില്‍ വരുണ്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും.
Also read-ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു; വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു
കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് വകവരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് നിലവിൽ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. രാവിലെ ജിമ്മിൽ വെച്ച് ഒരാൾക്ക് കുത്തേറ്റതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ തലയ്ക്ക് പരിക്കേറ്റ് മസാജ് ചെയറില്‍ ഇരിക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കൂടാതെ മുറിയിൽ നിന്ന് ഒരു മടക്കിവെയ്ക്കാവുന്ന കത്തിയും പോലീസ് കണ്ടെടുത്തിരുന്നു.