ഐസ്‌ലാന്‍ഡിലെ സ്ത്രീകളെ വിവാഹം ചെയ്യുന്ന വിദേശികൾക്ക് സർക്കാർ 4 ലക്ഷം രൂപ നൽകുമോ?


മികച്ച ശമ്പളവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനൊപ്പം റിട്ടയര്‍മെന്റ് കാലത്ത് പെന്‍ഷനും ലഭിക്കുമെന്നതിനാൽ സര്‍ക്കാര്‍ ജോലി മിക്കവരുടെയും സ്വപ്‌നമാണ്. എന്നാൽ അടുത്തിടെ ഐസ്ലാൻഡിലെ സ്ത്രീകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്മാര്‍ക്ക് ഐസ്ലാൻഡ് സര്‍ക്കാര്‍ പണം നല്‍കുമെന്ന് അവകാശപ്പെടുന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതില്‍ വാസ്തവമുണ്ടോ?

ഐസ് ലാന്‍ഡിലെ സ്ത്രീകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്മാര്‍ക്ക് സര്‍ക്കാര്‍ 5000 ഡോളര്‍ (ഏകദേശം 4.16 ലക്ഷം) രൂപ നല്‍കുമെന്നായിരുന്നു സമൂഹ മാധ്യമമായ ക്വോറയില്‍ പ്രചരിച്ചത്. ഐസ് ലാന്‍ഡില്‍ പുരുഷന്മാരുടെ എണ്ണം കുറവായതിനാലാണ് ഇത്തരമൊരു ആനുകൂല്യം സര്‍ക്കാര്‍ നല്‍കുന്നതെന്നായിരുന്നു വൈറല്‍ പോസ്റ്റില്‍ വിശദീകരിച്ചിരുന്നത്. വടക്കേ അമേരിക്കയിലെ പുരുഷന്മാര്‍ക്കാണ് മുന്‍ഗണനയെന്നും പോസ്റ്റില്‍ പറയുന്നു. ഈ സന്ദേശം സമൂഹ മാധ്യമത്തിലൂടെ വളരെ വേഗമാണ് പ്രചരിച്ചത്. ഇത് സത്യമാണെന്ന് മിക്കവരും ധരിക്കുകയും ചെയ്തു. എന്നാൽ ഇത് ഓണ്‍ലൈന്‍ തട്ടിപ്പ് മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വെറും 55 സെക്കന്റിൽ 118-ാം നിലയിലെത്താം; ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിഫ്റ്റ് എവിടെയെന്ന് അറിയാമോ?

പിന്നാലെ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ സ്‌നോപ്‌സ് ഡോട്ട് കോമും ഇത് തെറ്റായ വിവരമാണെന്ന് വ്യക്തമാക്കി. 2016 ജൂണ്‍ അവസാനം ധാരാളം ആഫ്രിക്കന്‍ വെബ്‌സൈറ്റുകള്‍ ഇക്കാര്യം വ്യക്തമാക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നതായി അവര്‍ പറഞ്ഞു. ദ സ്പിരിറ്റ് വിസ്‌പേഴ്‌സിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. ധാരാളം പുരുഷന്മാര്‍ ഇത് ഗൗരവത്തോടെ എടുക്കുകയും അതിനായി തയ്യാറാകുകയും ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഐസ്ലാൻഡിലെ സ്ത്രീകൾക്ക് ഫെയ്‌സ്ബുക്കില്‍ അപരിചിതരായ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം പുരുഷന്മാരില്‍ നിന്ന് ഫ്രെണ്ട് റിക്വസ്റ്റ് ലഭിച്ചതായി ഒരു ഐസ് ലാന്‍ഡ് വെബ്‌സൈറ്റ് റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു.

സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ വിവരം തീര്‍ത്തും തെറ്റാണെന്ന് ഐസ് ലാന്‍ഡ് വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് മറ്റൊരു വെബ്‌സൈറ്റായ ഐസ് ലാന്‍ഡ് മോണിറ്റര്‍ പറഞ്ഞു. ഐസ് ലാന്‍ഡില്‍ പുരുഷന്മാരുടെ എണ്ണത്തില്‍ കുറവില്ലെന്ന് യുണൈറ്റഡ് നേഷന്‍സ് ഇന്‍ഫൊര്‍മേഷന്‍ ഡിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടില്‍ ഐസ് ലന്‍ഡിലെ പുരുഷന്മാരുടെ എണ്ണം രാജ്യത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.