ടെൽഅവീവ്: യുഎൻ മേധാവിയുടെ വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ നിരസിച്ച് ഇസ്രായേൽ. ഹമാസിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭാ തലവൻ രാജിവെക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. ഹമാസിനെ നശിപ്പിക്കുമെന്ന പ്രതിജ്ഞ ഇസ്രായേൽ ചൊവ്വാഴ്ച ആവർത്തിക്കുകയും ഗാസയിലെ യുദ്ധം തങ്ങളുടെ യുദ്ധം മാത്രമല്ല, സ്വതന്ത്ര ലോകത്തിന്റെ യുദ്ധമാണെന്നും പ്രഖ്യാപിക്കുകയും ചെയ്തു. തങ്ങളുടെ സൈന്യം “അക്രമിക്കാൻ തയ്യാറാണ്” എന്ന് ഐഡിഎഫ് മേധാവി ഹെർസി ഹലേവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഇസ്രായേലും ഗാസയും തമ്മിലുള്ള സംഘർഷം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ നിന്ന് ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിനുള്ള സാധ്യതകൾക്കായി യുഎസ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഇസ്രയേലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യു എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തിയിരുന്നു. ഗാസയില്‍ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഗുട്ടെറസ് ആരോപിച്ചു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അതീതര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെയും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ ആറായിരത്തിലേറെ പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയും കുട്ടികളാണ്. അതിനിടെ ഇസ്രായേൽ സൈന്യം കരയുദ്ധത്തിന് തുടക്കമിട്ടതായാണ് റിപ്പോർട്ട്. ഗാസയില്‍ കടന്നതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഹമാസും ഇക്കാര്യം അറിയിച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരൻമാരെ കണ്ടെത്തുക എന്ന ദൗത്യവും സൈനിക നീക്കത്തിന് പിന്നിലുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. 24 മണിക്കൂറിനിടെ ഹമാസിന്റെ 20 കേന്ദ്രങ്ങളിലേക്കാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്.