പുനർനിർമാണത്തിനായി ഇസ്രയേൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്തേക്കുമെന്ന് സൂചന


പുനർനിർമാണത്തിനായി ഇസ്രയേൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്തേക്കുമെന്ന് സൂചന. ഇസ്രായേൽ ഹമാസ് ആക്രമണത്തെത്തുടർന്ന്, 90,000 പലസ്തീനികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതിനാൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ രാജ്യത്തെ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലിലെ ബിൽഡേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

“ഇക്കാര്യം സംബന്ധിച്ച് ഞങ്ങൾ ഇന്ത്യയുമായി ചർച്ച നടത്തുകയാണ്. അതിന് അംഗീകാരം നൽകിക്കൊണ്ടുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനം വരുന്നതും ഞങ്ങൾ കാത്തിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് 50,000 മുതൽ 100,000 വരെ തൊഴിലാളികളെ ഉൾപ്പെടുത്താനാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ നിർമാണ മേഖലയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സഹായിക്കും”, ഇസ്രായേൽ ബിൽഡേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹെയിം ഫെയ്ഗ്ലിൻ വോയ്സ് ഓഫ് അമേരിക്കയോട് പറഞ്ഞു. എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോർട്ടിനോട് ഇതുവരെ പ്രതികരിച്ചില്ല.

ഇസ്രായേലിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഏകദേശം 25 ശതമാനവും പലസ്തീനികൾ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ”ഞങ്ങൾ ഇപ്പോൾ യുദ്ധമേഖലയിലാണ്. ഈ മേഖലയിലെ ഞങ്ങളുടെ മനുഷ്യവിഭവശേഷിയുടെ 25 ശതമാനത്തോളവും പലസ്തീൻ സ്വദേശികളാണ്. അവർക്ക് ഇപ്പോൾ ഇസ്രായേലിൽ ജോലി ചെയ്യാൻ അനുവാദമില്ല”, ഹെയിം ഫെയ്ഗ്ലിൻ പറഞ്ഞു.

Also read-‘ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യണം‘: നരേന്ദ്രമോദിയോട് ഇറാന്‍ പ്രസിഡന്റ്

ഇസ്രയേലിലെ നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന പലസ്തീൻ തൊഴിലാളികളിൽ 10 ശതമാനവും ഗാസയിൽ നിന്നുള്ളവരാണ്. ​ഗാസ നിലവിൽ സംഘർഷ ഭൂമിയാണ്. ബാക്കിയുള്ളവർ വെസ്റ്റ് ബാങ്കിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇക്കഴിഞ്ഞ മെയ് മാസം, ഇസ്രായേൽ ഇന്ത്യയുമായി ഒരു കരാറിൽ ഒപ്പു വെച്ചിരുന്നു, 42,000 ഇന്ത്യക്കാർക്ക് ഇസ്രായേലിൽ ജോലി ചെയ്യാൻ അനുവാദം നൽകിക്കൊണ്ടുള്ള കരാർ ആയിരുന്നു അത്. നിർമാണ മേഖലയും, നഴ്സിംഗ് മേഖലയും ആണ് ഇതിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്. “നിർമാണ, നഴ്‌സിംഗ് മേഖലകളിലേക്ക് 42,000 ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവാദം നൽകിക്കൊണ്ടുള്ള കരാറുകളിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവച്ചു,” എന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് കരാറിൽ ഒപ്പിട്ടത്.

കഴിഞ്ഞയാഴ്ച, ഗാസ മുനമ്പിൽ നിന്ന് ആയിരക്കണക്കിന് പലസ്തീൻ തൊഴിലാളികളെ ഇസ്രായേൽ തിരിച്ചയച്ചിരുന്നു. ഇസ്രായേൽ ക്രോസിംഗിലൂടെ കാൽനടയായി സഞ്ചരിച്ച തൊഴിലാളികൾ, തടങ്കൽ കേന്ദ്രങ്ങളിൽ ഇസ്രായേൽ അധികൃതരുടെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. അവർ തങ്ങളെ ബലിയാടുകളെപ്പോലെയാണ് കണ്ടതെന്ന് തൊഴിലാളികളിൽ ഒരാളായ വെയ്ൽ അൽ-സജ്ദ പറഞ്ഞിരുന്നു. ഗാസയിൽ നിന്നുള്ള 18,000 പലസ്തീനികളുടെ കൂട്ടത്തിൽ പെട്ടയാളായിരുന്നു അൽ-സജ്ദ.

സമീപ വർഷങ്ങളിലാണ് ഇസ്രായേൽ പലസ്തീനികൾക്ക് വർക്ക് പെർമിറ്റുകൾ നൽകാൻ തുടങ്ങിയത്. ഇവരുടെ പെർമിറ്റുകൾ അസാധുവാക്കിയതായും നാടുകടത്തുമെന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇസ്രായേൽ അറിയിച്ചത്.