ഇസ്രായേലിനെതിരെ പാക്കിസ്ഥാനിൽ പ്രതിധഷേധപ്രകടനം. പലസ്തീനെതിരെ ഇസ്രായേൽ ബോംബാക്രമണം നടത്തുന്നതിനെതിരെയാണ് ജമാഅത്തെ ഇസ്‌ലാമി പാർട്ടി (Jamaat-e-Islami party) പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പ്രകടനത്തിൽ പങ്കെടുത്തവർ അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. അമേരിക്ക അക്രമികളെ പിന്തുണക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് പ്രതിഷേധ റാലി നടന്നത്.
പാക്കിസ്ഥാനിലെ യുഎസ് എംബസിയിലേക്ക് മാർച്ച് നടത്തുമെന്നാണ് ജമാഅത്തെ ഇസ്‌ലാമി പാർട്ടി നേതാക്കൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, തലേദിവസം രാത്രി അധികാരികളുടെ താക്കീത് ലഭിച്ചതിനെത്തുടർന്നാണ് രാജ്യതലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലൊന്നിൽ റാലി സംഘടിപ്പിച്ചത്. പാർട്ടിയുടെ പ്രാദേശിക നേതാക്കളെയും നിരവധി അനുഭാവികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജമാഅത്തെ ഇസ്‌ലാമി പാർട്ടി റാലി പ്രഖ്യാപിച്ചതിനു പിന്നാലെ, ഞായറാഴ്ചത്തെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇസ്ലാമാബാദിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനും അപ്രതീക്ഷിതമായി ഒരു വലിയ സമ്മേളനമോ പ്രകടനമോ തങ്ങളുടെ സമീപ പ്രദേശങ്ങളിൽ ഉണ്ടായാൽ ജാഗ്രത പാലിക്കാനും എംബസി നിർദേശിച്ചിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജമാഅത്തെ ഇസ്‌ലാമി അനുഭാവികൾ നിരവധി കിലോമീറ്ററുകൾ താണ്ടിയാണ് പ്രതിഷേധ വേദിയിലെത്തിയത്. ഇസ്രായേലിനെയും അമേരിക്കയെയും എതിർക്കുകയും പലസ്തീനികളെ പിന്തുണക്കുകയും ചെയ്യുന്ന മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകളും പോസ്റ്ററുകളും പ്രതിഷേധക്കാരുടെ പക്കൽ ഉണ്ടായിരുന്നു.
“മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളും അയച്ചാൽ മാത്രം പോരാ, അക്രമം അവസാനിപ്പിക്കുക എന്നതാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്,” പാർട്ടി നേതാവ് സിറാജുൽ ഹഖ് പറഞ്ഞു. അമേരിക്കയുടെ അടിമയായി തുടരുന്നതിനു പകരം, ദൈവത്തിൽ ആശ്രയിക്കാനും ഗാസയ്ക്കുവേണ്ടി പോരാടാനും മുസ്ലീം രാജ്യങ്ങളിലെ നേതാക്കളോട് സിറാജുൽ ഹഖ് അഭ്യർത്ഥിച്ചു. പലസ്തീന്റെ ഭൂമി മോചിപ്പിക്കുന്നതുവരെ ജമാഅത്തെ ഇസ്‌ലാമി അവർക്കുവേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു പാർട്ടിയായ ജമിയത്ത് ഉലമ ഇസ്ലാമും പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ റാലി നടത്തി. പാർട്ടി നേതാവ് മൗലാന ഫസ്‌ലുർ റഹ്മാൻ ഗാസയിൽ ഉള്ളവർക്ക് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു.
അതിനിടെ, മലപ്പുറത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്തത് വിവാദത്തിൽ. ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്. സയണിസ്റ്റ്-ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഹമാസ് നേതാവ് ഖലീദ് മാഷല്‍ ഓണ്‍ലൈനായി പരിപാടിയിൽ പങ്കെടുക്കുന്ന വീഡിയോ സംഘടാകരാണ് പുറത്തുവിട്ടത്. ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയയിരുന്നു. കേരളാ പോലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും
അദ്ദേഹം ആവശ്യപ്പെട്ടു.