ലോഹക്കഷ്ണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 13,608 കിലോ ചിക്കന്‍ നഗ്ഗറ്റ്സ് തിരികെ വിളിച്ച് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈസണ്‍ ഫുഡ്‌സ്. ഫ്രോസണ്‍ ചെയ്ത, പൂര്‍ണമായും വേവിച്ച 30000 പൗണ്ട് ചിക്കന്‍ ഫണ്‍ നഗ്ഗറ്റ്സ് ടൈസണ്‍ ബ്രാന്‍ഡ് സ്വമേധയാ തിരിച്ചുവിളിക്കുന്നതായി നവംബര്‍ നാലിന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ടൈസണ്‍ ബ്രാന്‍ഡിന്റെ 29 ഔണ്‍സിന്റെ ചെറുകിട കച്ചവടക്കാര്‍ക്ക് വിറ്റ പായ്ക്കറ്റുകളാണ് തിരികെ വിളിക്കുന്നതെന്നും ബ്രാന്‍ഡ് പുറത്തിറക്കുന്ന മറ്റ് ഉത്പന്നങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും കമ്പനി അറിയിച്ചു.
2024 സെപ്റ്റംബര്‍ നാല് വരെ ഉപയോഗിക്കാന്‍ കഴിയുന്ന ചിക്കന്‍ നഗ്ഗറ്റ്സായിരുന്നു ഇത്. അലബാമ, കാലിഫോര്‍ണിയ, ഇല്ലിനോയിസ്, കെന്റുക്കി, മിഷിഗണ്‍, ഓഹിയോ, ടെന്നിസി, വിര്‍ജീനിയ, വിസ്‌കോണ്‍സിന്‍ എന്നീ യുഎസ് സംസ്ഥാനങ്ങളില്‍ വിറ്റ നഗ്ഗറ്റുകളാണ് തിരികെ വിളിച്ചത്. ചെറുതും വളയ്ക്കാന്‍ കഴിയുന്നതുമായ ലോഹക്കഷ്ണങ്ങള്‍ കണ്ടെത്തിയതായി ചുരുക്കം ചില ഉപഭോക്താക്കള്‍ റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്ന് ജാഗ്രത മുന്‍നിര്‍ത്തിയാണ് മുഴുവന്‍ ഉത്പന്നങ്ങളും പിന്‍വലിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
Also read-അമേരിക്കയിൽ നിര്‍ണായകമായ അഞ്ച് സ്റ്റേറ്റുകളിൽ ജോ ബൈഡനെ പിന്തള്ളി ട്രംപ് മുന്നിലെന്ന് പോള്‍
യുഎസിലെ ഏറ്റവും വലിയ ഇറച്ചി ഉത്പാദകരായ ടൈസണ്‍ മുമ്പും തങ്ങളുടെ ഉത്പന്നങ്ങള്‍ തിരികെ വിളിച്ചിട്ടുണ്ട്. ഇറച്ചില്‍ കണ്ണാടി പോലുള്ള വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ബീഫ് തിരികെ വിളിച്ചിരുന്നതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. ഉപഭോക്താക്കള്‍ നീലനിറമുള്ള റബ്ബര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2019-ല്‍ ചിക്കന്‍ നഗ്ഗറ്റിന്റെ ഒരു ബാച്ച് തിരികെ വിളിച്ചിരുന്നതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഇതേവര്‍ഷം തന്നെ ലോഹം കലര്‍ന്നിരുന്നതിനാല്‍ ലക്ഷക്കണക്കിന് കിലോഗ്രാം ചിക്കന്‍ സ്ട്രൈപ്‌സ് കമ്പനി തിരികെ വിളിച്ചിരുന്നു.
ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ തോതില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നിരവധി കോഴിയിറച്ചി സംസ്‌കരണ പ്ലാന്റുകള്‍ ടൈസണ്‍ പൂട്ടിയിരുന്നു. എന്നാല്‍, ബീഫിന്റെയും പന്നിയിറച്ചിയുടെയും വില കോഴിയിറച്ചിയേക്കാള്‍ ഉയര്‍ന്നതോടെ ഒട്ടേറെ ഉപഭോക്താക്കള്‍ കോഴിയിറച്ചിലേക്ക് മാറി. ഇത് ഭക്ഷ്യ കമ്പനികള്‍ക്ക് ലാഭം വര്‍ധിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ടൈസണ്‍ തങ്ങളുടെ പുതിയ ത്രൈമാസ വരുമാനം നവംബര്‍ 13-ന് പ്രഖ്യാപിക്കും.