ഹമാസിന് ആയുധങ്ങൾ വിൽക്കാൻ കിം ജോങ് ഉൻ; ഉത്തര കൊറിയയ്ക്കെതിരെ ആരോപണവുമായി ദക്ഷിണ കൊറിയ


പാലസ്തീനെ പിന്തുണയ്ക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഹമാസിന് ആയുധങ്ങള്‍ വില്‍ക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടന.

മുമ്പ് ഉത്തരകൊറിയ ഹമാസിന് ടാങ്ക് റോക്കറ്റ് ലോഞ്ചറുകള്‍ വിറ്റിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഗാസയിലെ സംഘര്‍ഷാവസ്ഥയില്‍ കൂടുതല്‍ ആയുധങ്ങള്‍ ഉത്തരകൊറിയ നല്‍കിയേക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഉത്തരകൊറിയന്‍ ആയുധങ്ങളാണ് ഒക്‌ടോബര്‍ 7ന് നടന്ന ആക്രമണത്തില്‍ ഹമാസ് ഉപയോഗിച്ചതെന്ന് ആക്രമണത്തിന്റെ വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ദക്ഷിണ കൊറിയയിലെ സൈന്യം ആരോപിച്ചു. ഉത്തര കൊറിയയുടെ എഫ്-7 റോക്കറ്റ്, പ്രൊപ്പല്‍ഡ് ഗ്രനേഡ്, എന്നിവ അവര്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ദക്ഷിണ കൊറിയയിലെ വിദഗ്ധര്‍ സൂചിപ്പിച്ചു.

Also read-‘ഗാസയ്ക്കു മേൽ അണുവായുധവും പ്രയോഗിക്കാം’; വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ നീക്കി ബെഞ്ചമിൻ നെതന്യാഹു

റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുള്ളതും ലോഞ്ചറുള്ളതുമായ തങ്ങളുടെ റോക്കറ്റുകളുടെ ചില ചിത്രങ്ങള്‍ ഹമാസ് പങ്കുവെച്ചിരുന്നു. എഫ്-7 നോട് സാദ്യശ്യമുള്ളവയാണിവയെന്നും ആയുധ വിദഗ്ധനായ മാറ്റ് ഷ്രോഡെര്‍ പറഞ്ഞു.

എന്നാല്‍ ഉത്തരകൊറിയ ഈ ആരോപണങ്ങള്‍ വ്യാജമെന്ന് പറഞ്ഞ് തള്ളുകയാണുണ്ടായത്.

” ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ നേട്ടമുണ്ടാക്കാനാണ് ഉത്തരകൊറിയ ശ്രമിക്കുന്നത്,” എന്ന് പീപ്പിള്‍ പവര്‍ പാര്‍ട്ടി നേതാവായ യോ സാംഗ് ബം പറഞ്ഞു. അതേസമയം ഉത്തരകൊറിയന്‍ നിര്‍മ്മിതമായ ആയുധങ്ങള്‍ ഹമാസ് ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് ഇസ്രായേലിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണകൊറിയയിലെ ഇസ്രായേല്‍ അംബാസിഡല്‍ അകിവ ടോര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് യുഎന്നിലെ ഉത്തരകൊറിയന്‍ അംബാസിഡര്‍ കിം സോംഗ് പറഞ്ഞു. അമേരിക്ക കുറ്റം മൂന്നാമതൊരു കക്ഷിയുടെ മേല്‍ ചാര്‍ത്താന്‍ നോക്കുകയാണ്. അവരാണ് പശ്ചിമേഷ്യയിലെ അസ്വസ്ഥതകള്‍ക്ക് തുടക്കമിട്ടതെന്ന് സോംഗ് പറഞ്ഞു.

” പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകളെ ഉത്തരകൊറിയ മുമ്പും പിന്തുണച്ചിരുന്നു. ഉത്തരകൊറിയന്‍ ആയുധങ്ങള്‍ മുമ്പും അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്,” എന്ന് ആയുധ വിദഗ്ധനായ എന്‍ആര്‍ ജെന്‍സെന്‍ ജോണ്‍സണ്‍ പറഞ്ഞു.