ക്വാലാലംപൂര്‍: റോഡില്‍ ചെറുവിമാനം തകര്‍ന്നു വീണ് 10 പേര്‍ മരിച്ചു. മലേഷ്യയിലാണ് സംഭവം. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ്‌ബോര്‍ഡ് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ സഞ്ചരിച്ച എട്ട് പേരും ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.
Read Also: അധ്യാപകനെ അപമാനിച്ച സംഭവം: മാതൃകാപരമായ നടപടി വേണമെന്ന് വികലാംഗ കോർപറേഷൻ
വിമാനം ഹൈവേയിലേക്ക് വീണ് അഗ്‌നിഗോളമായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പുകയുമുണ്ടായി. 10 പേര്‍ മരിച്ചുവെന്ന വിവരം മലേഷ്യന്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ ഹൈവേയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും മറ്റൊരാള്‍ കാറില്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
മലേഷ്യയുടെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും യാത്ര തിരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്വാലാലംപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.