ഖലിസ്ഥാൻ അനുകൂലികൾ കാനഡയിലെ ക്ഷേത്രം തകർത്തു; ഗേറ്റിലും ഭിത്തിയിലും ഖലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ


കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേ പട്ടണത്തിലെ  പ്രമുഖ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. ക്ഷേത്രത്തിലെ മുൻ ഗേറ്റിലും പിൻ ഭിത്തിയിലും ഇന്ത്യാ വിരുദ്ധ, ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ആയായിരുന്നു സംഭവം. ലക്ഷ്മി നാരായൺ മന്ദിർ ആണ് അടിച്ചു തകർത്തത്. ഇത്തരമൊരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ക്ഷേത്രം ആക്രമിക്കപ്പെട്ടതിന്റെ നടുക്കത്തിൽ ആണെന്നും ക്ഷേത്രം പ്രസിഡന്റ് സതീഷ് കുമാർ പ്രതികരിച്ചു.

സംഭവം റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും കുമാർ കൂട്ടിച്ചേർത്തു. മുഖംമൂടി ധരിച്ച രണ്ട് ആളുകളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ക്ഷേത്രം അധികൃതർ നേരത്തെ തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ക്ഷേത്രം കമ്മിറ്റി ഞായറാഴ്ച അടിയന്തരയോഗം ചേർന്ന് ഈ പ്രശ്നം ചർച്ച ചെയ്യുമെന്നും അറിയിച്ചു.

ALSO READ – പാരീസിലെ ഈഫിൽ ടവറിൽ ബോംബ് ഭീഷണി; പരിശോധനയ്ക്കു ശേഷം സന്ദർശകരെ പ്രവേശിപ്പിച്ചു

2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ യാത്രാവിവരണത്തിൽ ഇടംപിടിച്ച ക്ഷേത്രമായിരുന്നു ലക്ഷ്മി നാരായൺ മന്ദിർ.മന്ദിറിന്റെ മുൻ ഗേറ്റില്‍ വച്ചിരുന്ന പോസ്റ്ററില്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സല്‍ ജനറല്‍മാരുടെയും പേരും ചിത്രങ്ങളും കൊടുത്തിരുന്നു. അവയ്ക്ക് താഴെ ‘വാണ്ടഡ്’ എന്നും എഴുതിയിട്ടുണ്ട്. ജൂണ്‍ 18-ന് നടന്ന ഖാലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് കാനഡ അന്വേഷിക്കണമെന്നാണ് പോസ്റ്ററിലെ പരാമർശം. ഇതിന് സമാനമായ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിലും സറേയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് ഒന്നിന് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സലുവേറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് പുറത്തും ഇത്തരമൊരു പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു.

കാനഡയിലെ സറേയിലെ ഗുരുനാനാക്ക് സിഖ് ഹര്‍ദീപ് സിങ് നിജ്ജാറിനെ ജൂണ്‍ 18 ന് വൈകീട്ട് ഗുരുദ്വാര പരിസരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കാനഡയിലെ ഖലിസ്ഥാൻ അനുകൂല വിഘടനവാദ ഗ്രൂപ്പായ സിക്ക് ഫോര്‍ ജസ്റ്റീസിന്‍റെ ആരോപണം.

നേരത്തെ ലണ്ടനിലെയും യുഎസിലെയും ഉണ്ടായ ആക്രമണത്തിന് പിന്നാലെ ആണ് ഖലിസ്ഥാനി അനുകൂലികൾ കാനഡയിലും ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ടത്. ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണ പരമ്പരയിൽ, ഈ വർഷം ജനുവരിയിൽ ഖലിസ്ഥാൻ വാദികൾ ബ്രാംപ്ടണിലെ ഗൗരി ശങ്കർ മന്ദിർ തകർക്കുകയും അതിന്റെ മതിലുകൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു.ഇതുകൂടാതെ കാനഡയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കുകയും ഖലിസ്ഥാൻ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തിരുന്നു. അന്ന് ഇന്ത്യൻ സർക്കാർ സമ്മാനിച്ച ആറടി ഉയരമുള്ള പ്രതിമ ആണ് തകർത്തത്. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ മുദ്രാവാക്യങ്ങൾ എഴുതി വെക്കുകയും ചെയ്തിരുന്നു.