പ്രവാസികൾക്ക് തിരിച്ചടി: വിമാന ടിക്കറ്റ് നിരക്കിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കേന്ദ്രമന്ത്രി


തിരുവനന്തപുരം: ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവു മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂ എന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ വ്യക്തമാക്കി. ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.

അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മാർച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി കത്തയച്ചിരുന്നു.