ഇന്ത്യയോ റഷ്യയോ? ആരാദ്യം അമ്പിളിയെ തൊടുമെന്ന ആകാംക്ഷയിൽ ലോകംന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ചാന്ദ്രോകർഷണ വലയത്തിലെത്തിയതിന് പിന്നാലെ ആദ്യം ചാന്ദ്രദൗത്യം പൂർത്തികരിക്കാൻ തിരക്കിട്ടു ശ്രമിച്ച് റഷ്യ. റഷ്യയുടെ ലൂണ ഓഗസ്റ്റ് 11 വെള്ളിയാഴ്ച കുതിച്ചുയരും. 47 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യ ഇത്തരമൊരു ദൗത്യം നടത്തുന്നത്. ചാന്ദ്രയാൻ 3 യെ പോലെ തന്നെ ദക്ഷിണ ധ്രുവം തന്നെയാണ് റഷ്യയും ലാൻഡിങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി ഇപ്പോൾ നടക്കുന്നത്.

1976 ൽ ആയിരുന്നു റഷ്യയുടെ അവസാന ചാന്ദ്രദൗത്യം.
ലൂണ 5 ദിവസംകൊണ്ട് ലക്ഷ്യത്തിലെത്തും. തുടർന്ന്, ചന്ദ്രന്റെ ഭ്രമണപഥത്തിൽ 7 ദിവസം ചെലവഴിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നേരെ ദക്ഷിണ ധ്രുവത്തിലെ 3 ലാൻഡിങ് സൈറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഇറങ്ങും. ലൂണ-25, മോസ്‌കോയിൽ നിന്ന് ഏകദേശം 3,450 മൈൽ (5,550 കിലോമീറ്റർ) കിഴക്കുള്ള വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്ന് വിക്ഷേപിക്കുമെന്നാണ് വിവരങ്ങൾ. വിക്ഷേപണത്തിന് മുന്നോടിയായി ഒരു ഗ്രാമം മുഴുവൻ ഒഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റഷ്യ.

ഈ മാസം 23നു നടക്കുമെന്നു പ്രതീക്ഷിക്കുന്ന ചന്ദ്രയാന്റെ ലാൻഡിങ്ങിനു മുൻപോ, അതിനൊപ്പമോ, തൊട്ടു പിന്നാലയോ ആയിരിക്കും ലൂണ 25 ഉം ചന്ദ്രോപരിതലം തൊടുക. ആരാദ്യം ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെത്തുമെന്ന ആകാംക്ഷയിലാണ് ലോകം. വിക്ഷേപണത്തറയുടെ തെക്കുകിഴക്കുള്ള റഷ്യയിലെ ഖബറോവ്സ്‌ക് മേഖലയിലെ ഷാക്റ്റിൻസ്‌കി സെറ്റിൽമെന്റിലെ താമസക്കാരെ ഓഗസ്റ്റ് 11 ന് അതിരാവിലെ ഒഴിപ്പിക്കും എന്നാണ് ഗവേഷകർ വ്യക്തമാക്കിയിരിക്കുന്നത്. റോക്കറ്റ് ബൂസ്റ്ററുകൾ വേർപെടുത്തിയ ശേഷം ഈ ഗ്രാമത്തിൽ വീഴുമെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.