യുക്രൈൻ മാതാവിന്റെ പ്രതിമയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നമായ അരിവാൾ ചുറ്റിക നീക്കം ചെയ്തു, പകരം ഇനി ത്രിശൂലം
കീവ്: അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ശേഷിപ്പുകളും ചരിത്ര സ്മാരകങ്ങളിൽ നിന്നും നീക്കി യുക്രൈൻ. ഇതിന്റെ ഭാഗമായി കീവിലെ ചരിത്രപ്രസിദ്ധമായ ‘യുക്രൈൻ മാതാ’ പ്രതിമയിലെ അരിവാൾ ചുറ്റിക നീക്കം ചെയ്തു. സ്വർണനിറമുള്ള ത്രിശൂലമാണ് പകരം പ്രതിമയിൽ സ്ഥാപിച്ചത്. യുക്രൈന്റെ ദേശീയചിഹ്നമാണ് ട്രിസുബ് എന്ന് വിളിക്കുന്ന സ്വർണനിറമുള്ള ത്രിശൂലം.
രണ്ടാം ലോകയുദ്ധ സ്മാരകത്തിന്റെ ഭാഗമായി 1981-ൽ പണിതതാണ് വാളും പരിചയുമേന്തി നിർഭയയായി നിൽക്കുന്ന വനിതായോദ്ധാവിന്റെ പ്രതിമ. 61 മീറ്ററാണ് ഉയരം. ഡിനിപ്രോ നദിക്കരയിൽ മോസ്കോയിലേക്കു നോക്കിയാണ് പ്രതിമയുടെ നിൽപ്പ്. പരിചയിലെ അരിവാൾ ചുറ്റികയാണ് മാറ്റിയത്.
ജൂലായ് അവസാനത്തോടെ ഇതിന്റെ പണി ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും റഷ്യയുടെ വ്യോമാക്രമണവും കാരണം മുടങ്ങി. യുക്രൈന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 24-ന് മാറ്റങ്ങൾ വരുത്തിയ പ്രതിമ ഔദ്യോഗികമായ അനാവരണം ചെയ്യും. പ്രതിമയിലെ മാറ്റത്തെ 85 ശതമാനം ജനങ്ങളും പിന്തുണയ്ക്കുന്നു.
സോവിയറ്റ് യൂണിയന്റെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽനിന്ന് യുക്രൈന്റെ സാംസ്കാരിക പൈതൃകത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. 2015-ൽ സോവിയറ്റ് യൂണിയന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഭൂരിഭാഗം ചിഹ്നങ്ങളും പൊതുഇടങ്ങളിൽനിന്ന് യുക്രൈൻ നീക്കിയെങ്കിലും അതിൽ രണ്ടാം ലോകയുദ്ധ സ്മാരകങ്ങൾ ഉൾപ്പെട്ടിരുന്നില്ല. റഷ്യയുടെ അധിനിവേശത്തിനുശേഷമാണ് ഈ ശ്രമങ്ങൾ ഊർജിതമായത്.