ട്രെയിന്‍ പാളം തെറ്റി 22 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്: മരണ സംഖ്യ ഉയരും


ഇസ്ലാമാബാദ് :പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ട്രെയിന്‍ പാളം തെറ്റി . അപകടത്തില്‍ 22 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഷഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സഹാറ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.

കറാച്ചിയില്‍ നിന്ന് പാകിസ്ഥാനിലെ പഞ്ചാബിലേയ്ക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസിന്റെ പത്ത് ബോഗികളാണ് പാളം തെറ്റിയത് . പരിക്കേറ്റവരെ നവാബ്ഷായിലെ പീപ്പിള്‍സ് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രെയിന്‍ പാളം തെറ്റിയതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. അപകടത്തെ തുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്