പാക്കിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; 30 മരണം, 80 പേർക്ക് പരുക്ക്


പാക്കിസ്ഥാനിൽ പാസഞ്ചർ ട്രെയിന്‍ പാളം തെറ്റി 30 പേർ മരിച്ചു. എണ്‍പതിലധികം പേർക്കു പരുക്കേറ്റു. സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ നഗരത്തിലെ സഹാറ റെയിൽവേ സ്റ്റേഷന് സമീപം, റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ട്രെയിൻ പാളം തെറ്റിയതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Also read-‘പെൺകുട്ടികൾ 10 വയസ്സുവരെ പഠിച്ചാൽ മതി’: താലിബാൻ ഉത്തരവ്

കറാച്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെയുള്ള സ്റ്റേഷന് സമീപം ട്രെയിൻ കമ്പാർട്ടുമെന്റുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി പാകിസ്ഥാൻ ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. പാളം തെറ്റിയ കമ്പാർട്ടുമെന്റുകളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകരും പോലീസും ശ്രമിക്കുന്നതായി ദൃശ്യങ്ങൾ കാണിക്കുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. യന്ത്രങ്ങൾ ഉപയോഗിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തകരാറിലായ ബോഗികൾ ട്രാക്കിൽ നിന്ന് ഉയർത്തുമെന്നും കറാച്ചിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾ വൈകിയേക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.