20 മിനിറ്റിനിടെ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതിയ്ക്ക് ദാരുണാന്ത്യം


വാഷിംഗ്ടണ്‍: 20 മിനിറ്റിനിടെ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഇന്‍ഡ്യാന സ്വദേശിയായ 35 കാരി ആഷ്ലി സമ്മേഴ്സാണ് മരണത്തിന് കീഴടങ്ങിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി ജലത്തിന്റെ അമിത അളവ് ചിലരില്‍ വിഷമായി മാറും. ആ അവസ്ഥയാണ് ആഷ്ലിയുടെ മരണത്തിനിടയാക്കിയതെന്നാണ് നിഗമനം.

അമിതമായ അളവില്‍ വെള്ളം ശരീരത്തിലെത്തുമ്പോള്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി കുറയുകയും ജല വിഷമായി മാറുന്ന ‘ഹൈപ്പോനട്രീമിയ’ എന്ന് അവസ്ഥയുണ്ടാകുന്നു. ഇതാണ് മരണകാരണമായി ആശുപത്രി അധികൃതര്‍ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കില്‍ വൃക്കയില്‍ വെള്ളം നിലനില്‍ക്കുമ്പോഴോ ആണ് ഈ അവസ്ഥ സംഭവിക്കുന്നത്. പേശി വലിവ്, ഓക്കാനം, തലവേദന, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.

കഴിഞ്ഞ ദിവസം വാരാന്ത്യ ആഘോഷത്തില്‍ ആഷ്ലി പങ്കെടുത്തിരുന്നു. കൊടും ചൂടിനെ അതിജീവിക്കാനായാണ് യുവതി രണ്ട് ലിറ്ററോളം വെള്ളം കുടിച്ചത്. 20 മിനിറ്റിനിടെ നാല് കുപ്പി വെള്ളം കുടിച്ചെന്നാണ് സുഹൃത്ത് പറഞ്ഞത്. ശരാശരി വെള്ളം കുപ്പിയില്‍ 16 ഔണ്‍സ് വെള്ളമാണ് ഉള്‍ക്കൊള്ളുന്നത്. 64 ഔണ്‍സ്, അതായത് രണ്ട് ലിറ്റര്‍ വെള്ളം 20 മിനിറ്റിനുള്ളില്‍ കുടിച്ചു. പിന്നീട് വീട്ടിലെത്തിയ ഉടന്‍ തന്നെ ആഷ്ലി തല കറങ്ങി വീണു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മസ്തിഷ്‌ക വീക്കം കണ്ടെത്തി. ഇതിന് കാരണമെന്താണെന്ന് അറിയില്ലെന്ന് ആഷ്ലിയുടെ സഹോദരന്‍ ഡെവണ്‍ മില്ലര്‍ പറഞ്ഞു.