ഒരാൾക്കും അധിക ആയുസില്ല, നാല് തലവന്മാരും കൊല്ലപ്പെട്ടു; ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനായി അബു ഹാഫ്സ് അൽ-ഹാഷിമി


ന്യൂഡൽഹി: ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനായി അബു ഹാഫ്സ് അൽ-ഹാഷിമി അൽ-ഖുറേഷിയെ തിരഞ്ഞെടുത്തു. അബു ഹുസൈനി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ ഹയാത് താഹിർ അൽ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘർഷത്തിലാണ് അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടത്.

അതേസമയം, പ്രവർത്തനം ആരംഭിച്ച ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇപ്പോൾ കൊല്ലപ്പെട്ട ഹുസൈനി ഉൾപ്പെടെ ഇതിന് മുൻപുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. ആദ്യത്തെ തലവനായിരുന്ന അബു ബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിൽ കൊല്ലപ്പെടുകയായിരുന്നു. ഇത് സംഘത്തെ ആശങ്കയിൽ ആഴ്ത്തിയിരുന്നു. പിന്നാലെ, ചുമതലയേറ്റ അബു ഇബ്രാഹിം അൽ ഖുറേഷി 2022 ഏപ്രിലിൽ കൊല്ലപ്പെട്ടു. അതിനുശേഷം തലവനായ അബു ഹാസൻ അൽ ഹാഷിമി അൽ ഖുറേഷി കഴിഞ്ഞ നവംബറിൽ ആണ് കൊല്ലപ്പെട്ടത്.

വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഹയാത് താഹിർ അൽ ഷാം ഗ്രൂപ്പുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് അബു ഹുസൈനി അൽ ഖുറേഷി നേതാവ് കൊല്ലപ്പെട്ടതെന്ന് സംഘം വ്യാഴാഴ്ച പറഞ്ഞു. ടെലഗ്രാം ആപ്പ് വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് തലവന്റെ മരണ വിവരവും പുതിയ തലവൻ ചുമതലയേറ്റ വിവരവും പുറത്തുവിട്ടത്. റെക്കോർഡ് ചെയ്ത സന്ദേശമായിരുന്നു ഇത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. തുർക്കി പ്രസിഡന്റ് എർദോഗൻ ഏപ്രിലിൽ ഇയാളെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു.