മരിക്കാൻ കിടന്ന ബന്ധുവിനോട് ഹിന്ദി സംസാരിച്ച ഇന്ത്യൻ വംശജനെ അമേരിക്കൻ കമ്പനി പിരിച്ചുവിട്ടു


മരണാസന്നനായ തന്റെ ബന്ധുവിനോട് ഫോണിൽ ഹിന്ദിയിൽ സംസാരിച്ചതിന് തന്നെ അമേരിക്കൻ കമ്പനി പിരിച്ചുവിട്ടതായി ഇന്ത്യൻ വംശജൻ. കഴിഞ്ഞ വർഷം ആയിരുന്നു സംഭവം. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഇത് കമ്പനിയുടെ വിവേചനപരമായ നടപടി ആണെന്ന് ആരോപിച്ച് പ്രതിരോധ കരാര്‍ കമ്പനിയായ പാര്‍സണ്‍സ് കോര്‍പ്പറേഷനെതിരെയും യുഎസ് ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെതിരെയും ഇന്ത്യൻ വംശജനായ അനില്‍ വര്‍ഷ്ണി കേസ് ഫയൽ ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 26 ന് ഇന്ത്യയിലെ മരണാസന്നനായ ഭാര്യസഹോദരനുമായി ഏകദേശം രണ്ടു മിനിറ്റാണ് 78 കാരനായ അനില്‍ ഫോണിൽ സംഭാഷണം നടത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ തന്നെ അമേരിക്കൻ സ്വദേശിയായ ഒരു സഹപ്രവർത്തകനാണ് ഹിന്ദിയിൽ സംസാരിച്ചെന്നും കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്തി എന്നും ആരോപിച്ച് പരാതി നൽകിയത്. കൂടാതെ ഇയാൾ മനപ്പൂർവ്വം കമ്പനിക്കെതിരെ സുരക്ഷാ ലംഘനം നടത്തി എന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം താൻ നടത്തിയ കോളിൽ ഓഫീസ് സംബന്ധമായ രഹസ്യ വിവരങ്ങൾ ഒന്നും ഉൾപ്പെട്ടിരുന്നില്ല എന്നും അനില്‍ വര്‍ഷ്ണി ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതോടൊപ്പം യാതൊരു അന്വേഷണവും ഇല്ലാതെയാണ് തന്നെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും ഫോൺ കോളുകൾ നിരോധിച്ചുകൊണ്ടുള്ള ഒരു നയവും കമ്പനിയിൽ നിലനിൽക്കുന്നില്ല എന്നും നോര്‍ത്തേണ്‍ ഡിസ്ട്രിക്‌ട് ഓഫ് അലബാമയില്‍ ജൂണില്‍ നല്‍കിയ ഹർജി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജൂലൈ 24 ന് കോടതിക്ക് മറുപടി നൽകിയ പാർസൺസ് കമ്പനി തങ്ങളുടെ ഭാഗത്തുനിന്നും ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നാണ് അറിയിച്ചത്.

കൂടാതെ ഈ ഹർജി തള്ളി കളയണമെന്നും തങ്ങളുടെ അഭിഭാഷകർക്കായുള്ള ഫീസും വർഷ്ണി നൽകണമെന്നാണ് പ്രതി ഭാഗത്തിന്റെ ആവശ്യം. അതേസമയം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക് എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ അനില്‍ വര്‍ഷ്ണി 1968 ലാണ് യുഎസിൽ എത്തുന്നത്. ഹണ്ട്‌സ്വില്ലെയിലെ പാര്‍സണ്‍സ് ഓഫീസില്‍ 2011 ജൂലൈ മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് അദ്ദേഹം ജോലി ചെയ്തത്. തന്റെ മികച്ച സേവനത്തിന് കോൺട്രാക്ടർ ഓഫ് ദി ഇയർ അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്നും തനിക്ക് നേരെ ആരോപിച്ചിരിക്കുന്ന അച്ചടക്ക നടപടികൾ അസാധുവാക്കണം എന്നും ആണ് ഇദ്ദേഹത്തിന്റെ ആവശ്യം. അതേസമയം കമ്പനി തന്നെ തിരിച്ചെടുക്കാത്ത പക്ഷം തനിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വർഷ്ണി ആവശ്യപ്പെട്ടിട്ടുണ്ട്.