ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് വെടിയുണ്ടകള്‍; പ്രതി കസ്റ്റഡിയില്‍

ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് വെടിയുണ്ടകള്‍ കൊട്ടാരവളപ്പിലേക്ക് എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തീവ്രവാദ സ്വഭാവമില്ലെന്നും ഉദ്യോഗസ്ഥര്‍ക്കോ പൊതുജനങ്ങള്‍ക്കോ വെടിയേറ്റതായോ പരിക്കേറ്റതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണ ചടങ്ങിന് നാല് ദിവസം മുമ്പാണ് സംഭവം.

ആയുധം കൈവശം വച്ചതായി സംശയിച്ചതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും പോലീസ് ഇയാളുടെ പക്കല്‍ നിന്ന് കത്തി കണ്ടെടുക്കുകയും ചെയ്തു. സംശയാസ്പദമായ ബാഗും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുവെന്ന് മെട്രോപൊളിറ്റന്‍ പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പോലീസ് കൊട്ടാരത്തിന് വലയം തീര്‍ത്തു. പ്രതിയെ
അറസ്റ്റ് ചെയ്യുന്ന സമയത്ത് രാജാവും രാജ്ഞി ഭാര്യയും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ത്വരിതഗതിയില്‍ പ്രവര്‍ത്തിച്ചതായി മെറ്റ് പോലീസ് ചീഫ് സൂപ്രണ്ട് ജോസഫ് മക്‌ഡൊണാള്‍ഡ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റോഡുകള്‍ അടച്ചെങ്കിലും പിന്നീട് തുറന്നു. ഭൂരിഭാഗം നിയന്ത്രണങ്ങളും പിന്‍വലിച്ചു.

ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിനായുള്ള ആഘോഷങ്ങള്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഔപചാരികമായ കിരീടധാരണത്തോടെ മെയ് 6 ന് ആണ് ആരംഭിക്കുന്നത്. മെയ് 7 ന്, ലണ്ടന്റെ പടിഞ്ഞാറ് വിന്‍ഡ്സര്‍ കാസിലില്‍ ആഗോള സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ സംഗീത കച്ചേരി കാണുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കിരീടധാരണ വാരാന്ത്യത്തിന്റെ അവസാന ഭാഗം മെയ് 8 ന് നടക്കും. ഇത് ഈൗ വര്‍ഷം യുകെ പൊതു അവധി ദിനമായി നിശ്ചയിച്ചിട്ടുണ്ട്.