ഫാസ്റ്റ് ഫുഡ് പ്രേമികളായ രക്ഷിതാക്കളുടെ ഒരുവയസ്സുകാരി മകൾ പട്ടിണി കിടന്നു മരിച്ചു

ഫാസ്റ്റ്ഫുഡ് പ്രേമികളായ മാതാപിതാക്കളുടെ ഒരു വയസുകാരിയായ മകള്‍ പട്ടിണി കിടന്നു മരിച്ചു. മാസങ്ങളോളം കുട്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിക്കാതിരുന്ന രക്ഷിതാക്കള്‍ക്ക് ടെക്സാസിലെ കോടതി ജയില്‍ ശിക്ഷ വിധിച്ചു. വിചാരണയ്ക്കിടെ കുറ്റസമ്മതം നടത്തിയ പിതാവിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ജനിച്ചപ്പോഴുള്ള ഭാരത്തേക്കാള്‍ കുറഞ്ഞ ഭാരത്തില്‍ ഒരു വയസുകാരി മരിച്ച സംഭവത്തില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

26 കാരനായ ക്രിസ്റ്റ്യന്‍ മിഗേല്‍ ബിൽപ്പ് ടൊറന്‍സിനാണ് മകളെ പട്ടിണി കിടന്ന് മരിക്കാന്‍ വിട്ടതിന്‍റെ പേരില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇയാളും 24കാരിയായ ഭാര്യയും അമിത വണ്ണമുളവരാണ്. ഫാസ്റ്റ് ഫുഡ് പ്രേമികളായ ഇവര്‍ ഒരു വയസുകാരിയായ മകളുടെ ആരോഗ്യം വേണ്ട രീതിയില്‍ ശ്രദ്ധിച്ചിരുന്നില്ല.

ഇയാളുടെ ഒരു വയസുകാരിയായ മകള്‍ ജോര്‍ജിയ മരിക്കുമ്പോഴുള്ള ഭാരം 3.85 കിലോയായിരുന്നു. ഇത് ജോര്‍ജിയ ജനിച്ച സമയത്തെ ഭാരത്തേക്കാള്‍ കുറവായിരുന്നു. മാസങ്ങളായി മകളുടെ ഭാരം കുറഞ്ഞ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അത് ശ്രദ്ധിക്കാതിരുന്നതിനും മകളെ പട്ടിണി മൂലം മരിക്കാന്‍ വിടുകയും ചെയ്ത രക്ഷിതാക്കള്‍ക്കെതിരെയാണ് കേസ് എടുത്ത്. 2021 ജൂണിലാണ് ജോര്‍ജിയ മരണപ്പെടുന്നത്. ആശുപത്രിയിലെത്തിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് ജോര്‍ജിയ മരിച്ചത്.

കുട്ടിക്ക് ഗുരുതര പോഷണക്കുറവ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. നൂറ് കിലോയിലധികം ഭാരമുള്ള ജോര്‍ജിയയുടെ മാതാപിതാക്കള്‍ കുട്ടിക്ക് ഭക്ഷണം കൃത്യ സമയത്ത് നല്‍കാനോ ചികിത്സ എത്തിക്കാനോ ശ്രമിച്ചിരുന്നില്ല. കേസിന്‍റെ വിചാരണയ്ക്കിടെ ജോര്‍ജിയയുടെ പിതാവ് കുറ്റമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബുധനാഴ്ചയായിരുന്നു ഇയാള്‍ക്കുള്ള ശിക്ഷ വിധിച്ചത്.