സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന യുവതീ-യുവാക്കള്‍ക്ക് സാമ്പത്തിക സഹായം പ്രതിമാസം 41,000 രൂപ

സോള്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. സമൂഹിക ബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന യുവതീയുവാക്കളെ ഏകാന്തതയില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി രൂപീകരിച്ചത്.

ഒറ്റപ്പെട്ട് കഴിയുന്ന യുവതീയുവാക്കള്‍ക്ക് പ്രതിമാസം 650,000 കൊറിയന്‍ വോണ്‍ അതായത് ഏകദേശം 41,000 ഇന്ത്യന്‍ രൂപ വീതം നല്‍കാനാണ് ജെന്‍ഡര്‍ ഈക്വാലിറ്റി ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മിനിസ്ട്രിയുടെ തീരുമാനം.

യുവതീയുവാക്കളുടെ മാനസികവും വൈകാരികവുമായ സ്ഥിരതയും ആരോഗ്യകരമായ വളര്‍ച്ചയും ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ശരാശരി ദേശീയ വരുമാനത്തേക്കാള്‍ കുറഞ്ഞ വരുമാനമുള്ള വീടുകളില്‍ താമസിക്കുന്ന 9 മുതല്‍ 24 വരെ പ്രായമുള്ള ചെറുപ്പക്കാര്‍ക്കാണ് ഇത് ലഭ്യമാകുന്നത്.