സുഡാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. നിലവില്‍ 4,000 ഇന്ത്യക്കാരാണ് സംഘര്‍ഷ ബാധിത രാജ്യത്ത് കുടുങ്ങിക്കിടക്കുന്നത്. സുഡാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്നാണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏഴ് ദിവസമായി സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്. ഇതില്‍ 200 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി സര്‍ക്കാര്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.
സുഡാനിലെ സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും സുരക്ഷിതമായ ഒഴിപ്പിക്കല്‍ ഉള്‍പ്പെടെ, ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും ഇന്ത്യന്‍ എംബസി ഇന്നലെ അറിയിച്ചിരുന്നു.