കാണാതായ ഇന്ത്യൻ പർവ്വതാരോഹകനെ നേപ്പാളിൽ കണ്ടെത്തി

കാണാതായ ഇന്ത്യൻ പർവ്വതാരോഹകൻ അനുരാഗ് മാലുവിനെ നേപ്പാൡലെ അന്നപൂർണ്ണ പർവ്വതത്തിൽ ജീവനോടെ കണ്ടെത്തി. തിങ്കളാഴ്ചയാണ് അനുരാഗിനെ കാണാതാകുന്നത്. ഇദ്ദേഹത്തെ ജീവനോടെ കണ്ടെത്തിയെന്ന് അനുരാഗിന്റെ സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

34 കാരനായ ഇന്ത്യൻ വ്യവസായിയും പരിചയസമ്പന്നനായ പർവതാരോഹകനുമായ അനുരാഗ് മാലുവിനെ തിങ്കളാഴ്ചയാണ് കാണാതായത്. തിങ്കളാഴ്ച ക്യാമ്പ് IVൽ നിന്ന് മടങ്ങുമ്പോൾ ക്യാമ്പ് III-ന് താഴെയുള്ള വിള്ളലിലാണ് മാലു വീണത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളിൽ പത്താമത്തെ പർവതമാണ് അന്നപൂർണ.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 8,000 മീറ്ററിനു മുകളിലുള്ള 14 പർവതങ്ങളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ് മാലു. രാജസ്ഥാനിലെ കിഷൻഗഡ് സ്വദേശിയായ മാലുവിന് കരംവീർ ചക്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മൗണ്ടൻ പ്രിനിയർ എന്നാണ് തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ അനുരാഗ് സ്വയം വിശേഷിപ്പിക്കുന്നത്. നിലവിൽ റീജിയണൽ ഡയറക്ടറും (ഏഷ്യ-പസഫിക്) സ്വീസ്റ്റാർസിലെ വൈസ് പ്രസിഡന്റുമാണ്. കഴിഞ്ഞ വർഷം അമ ദബ്ലാം കൊടുമുടി കീഴടക്കിയ പരിചയസമ്പന്നനായ പർവ്വതാരോഹകനാണ് മാലു.