പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വരൾച്ച വ്യാപിച്ചതോടെ ജലക്ഷാമം രൂക്ഷമാകുന്നു. ബാദിൻ ജില്ലയിലെ ജനങ്ങളാണ് കടുത്ത ജല ദൗർലഭ്യത്തെ അഭിമുഖീകരിക്കുന്നത്. ഈ പ്രവിശ്യയിൽ കൂടുതലായും കർഷകരാണ് താമസിക്കുന്നത്. ജലക്ഷാമം നേരിട്ടതോടെ കാർഷിക രംഗവും പ്രതിസന്ധിയിലാണ്. കാർഷികാവശ്യത്തിനും ദാഹം അകറ്റാനും ജലം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
പ്രദേശത്തെ ജനങ്ങൾ ജലക്ഷാമം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കനാലുകളിൽ റേയ്ഞ്ചർമാരെ നിയമിക്കാനായി കർഷക നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ ജല വിതരണത്തിൽ ക്രമക്കേടുണ്ടെന്നും, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി സ്വന്തക്കാർക്ക് ജലം വിതരണം ചെയ്യുന്നുണ്ടെന്നും കർഷകർ ആരോപിച്ചു. നടപടി സ്വീകരിക്കുന്നതിൽ അനാസ്ഥ കാണിച്ചാൽ പ്രതിഷേധങ്ങൾ നടത്താനാണ് ജനങ്ങളുടെ തീരുമാനം.