ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്: ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് അബുദാബിയിൽ. പാർക്കിന്റെ ഉദ്ഘാടന തീയതി അബുദാബി പ്രഖ്യാപിച്ചു. മെയ് 23 നാണ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. മൃഗങ്ങളുമായി അടുത്തിടപഴകാനും സവാരികൾക്കും വിനോദത്തിനും ഷോപ്പിംഗിനുമൊക്കെയുള്ള സൗകര്യങ്ങൾ പാർക്കിലുണ്ട്.

അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മറൈൻ ലൈഫ് തീം പാർക്കിൽ 150 ഇനം പക്ഷികൾ, മത്സ്യങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ എന്നിവയും 100,000 കടൽ ജീവികളുമുണ്ടാകും.

ഓരോ മേഖലകളിലെയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ അത്യാധുനിക സാങ്കേതിക വിദ്യയും മൃഗക്ഷേമത്തിനുള്ള ഉയർന്ന നിലവാരവും ഉപയോഗിച്ചാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലുതും വിസ്തൃതി ഉള്ളതുമായ മൾട്ടി സ്പീഷീസ് അക്വേറിയം ആണ് ഇവിടെയുള്ളത്. 25 ദശലക്ഷത്തിലധികം ലിറ്റർ വെള്ളം ഈ അക്വേറിയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.