സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ പുതിയ നീക്കവുമായി യുഎസിലെ ബാങ്കുകൾ, ഫെഡ് റിസർവിൽ നിന്നും വൻ തുക കടമെടുത്തു
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിലെ മറ്റു ബാങ്കുകൾ. സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, സിൽവർഗേറ്റ് ബാങ്ക് എന്നിവയുടെ തകർച്ചയ്ക്ക് പിന്നാലെ ബാങ്കിംഗ് മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാൻ യുഎസ് ഫെഡ് റിസർവിൽ നിന്നും വൻ തുകയാണ് കടമെടുത്തിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, വിവിധ ബാങ്കുകൾ യുഎസ് ഫെഡ് റിസർവിൽ നിന്ന് 164.8 ബില്യൺ യുഎസ് ഡോളറാണ് കടമെടുത്തിട്ടുളളത്.
തകർച്ച നേരിടുന്ന ബാങ്കുകളുടെ പ്രവർത്തനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ‘ബാങ്ക് ടേം ഫണ്ടിംഗ് പ്രോഗ്രാം’ എന്ന പേരിൽ യുഎസ് ഫെഡ് റിസർവ് പ്രത്യേക എമർജൻസി ഫണ്ടിനും രൂപം നൽകിയിട്ടുണ്ട്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് യുഎസിലെ ബാങ്കുകൾ തുടരെത്തുടരെ തകർന്നടിഞ്ഞത്. ഇത്തരം ബാങ്കുകളുടെ തകർച്ച പ്രധാന സ്റ്റാർട്ടപ്പുകളെയും, വെഞ്ച്വർ ക്യാപിറ്റലുകളെയും ബാധിക്കാനാണ് സാധ്യത.