മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്കി ലാഹോര്‍ ഹൈക്കോടതി. ഏഴ് കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചു. ഒമ്പത് കേസുകളില്‍ അറസ്റ്റ് ഒഴിവാക്കാനാണ് ഇമ്രാന് കോടതിയെ സമീപിച്ചിരുന്നത്. നേരത്തെ തോഷഖാന കേസില്‍ ഇമ്രാനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. മാര്‍ച്ച് 18 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദ്ദേശം. കേസ് പരിഗണിക്കുന്ന ജില്ലാ കോടതിയില്‍ ഹാജരാകാനും ഇമ്രാന് അവസരം നല്‍കിയിട്ടുണ്ട്.
തോഷഖാന കേസ് പരിഗണിക്കുന്ന കോടതിക്കും പോലീസിനും മതിയായ സുരക്ഷയൊരുക്കാന്‍ ചീഫ് ജസ്റ്റിസ് ആമര്‍ ഫാറൂഖ് നിര്‍ദ്ദേശം നല്‍കിയിരുന്നു അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇമ്രാന് ഖാന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി ഉണ്ടായത്.
ഇമ്രാന് ലാഹോര്‍ ഹൈക്കോടതിയില്‍
ഇതിനിടെയാണ് ഇമ്രാന് ഖാന് ലാഹോര്‍ ഹൈക്കോടതിയിലെത്തിയത്. ഒമ്പത് കേസുകളിലെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പല തവണ ഇമ്രാന് ഖാന് വിട്ടുനിന്നിരുന്നു. ചൊവ്വാഴ്ച ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ലാഹോറിലെ സമാന് പാര്‍ക്കിലുള്ള വസതിയില്‍ പോലീസ് എത്തിയിരുന്നു. പിന്നാലെ പൊലീസും പിടിഐ അനുഭാവികളും തമ്മില്‍ ഏറ്റുമുട്ടി.പിന്നീട് കോടതി ഇടപെട്ടാണ് ഈ സമരം അവസാനിപ്പിച്ചത്. ഈ സാഹചര്യത്തില്‍, വെള്ളിയാഴ്ച ലാഹോര്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുകക്ഷികളും സമ്മതിച്ചിട്ടുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കുമെന്നും ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.
ഇതിനിടെ അറസ്റ്റിന് വിധേയനാകാൻ താന്‍ മാനസികമായി തയ്യാറാണെന്ന് ഇമ്രാന് ഖാന് പറഞ്ഞു. നിലവിലെ മന്ത്രിസഭയെയും ഇമ്രാന്ഖാന് കുറ്റപ്പെടുത്തി. ഏറ്റവും വലിയ കുറ്റവാളികളാണ് ഇപ്പോള്‍ സര്‍ക്കാരില്‍ ഉള്ളതെന്നും മന്ത്രിസഭയിലെ 60 ശതമാനം പേരും അഴിമതിക്കേസുകളില്‍ ജാമ്യത്തിലാണെന്നും ഖാന് പറഞ്ഞു.
‘എന്റെ പാര്‍ട്ടിയുടെ ജനപ്രീതിയില്‍ അവര്‍ക്ക് പേടിയുണ്ട്. അതിനാല്‍ എന്നെ തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്താക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. എല്ലാ അഭിപ്രായ സര്‍വേകളിലും ഈ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അതിനാല്‍ എന്നെ ഇവിടെ നിന്ന് ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കുന്നത്’ ഇമ്രാന് ഖാന് കൂട്ടിച്ചേർത്തു.