തടവുകാരുമായുള്ള ലൈംഗിക ബന്ധത്തിന്റെ പേരിൽ 18 വനിതാ ജയിൽ ഉദ്യോഗസ്ഥരെ പുറത്താക്കി യു.കെ

ലണ്ടൻ: തടവുകാരുമായി ലൈംഗിക ബന്ധം പുലർത്തിയ 18 വനിതാ ജയിൽ ഉദ്യോഗസ്ഥരെ പുറത്താക്കി യു.കെ. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെർവിനിലാണ് സംഭവം. ഈ ജയിലിലെ 18 വനിതാ ജീവനക്കാരെയാണ് യു.കെ ജോലിയിൽ നിന്ന് പുറത്താക്കിയത്. പുറത്താക്കപ്പെട്ടവരിൽ മൂന്ന് പേരെ ജയിലിലടച്ചതായും സംഭവം പുറത്തുകൊണ്ടുവന്ന ‘മിറർ’ റിപ്പോർട്ട് ചെയ്തു. എമിലി വാട്സൻ, ജെന്നിഫർ ഗാവൻ, അയ്ഷിയ ഗൺ എന്നിവരെയാണ് തടവിലാക്കിയത്.

2019 മുതൽ ഇതുവരെ ബ്രിട്ടനിൽ 31 വനിതാ ജീവനക്കാരാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നത്. വനിതാ ഗാർഡുമാർ തടവുകാരുടെ സ്ഥിരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ജീവനക്കാർക്ക് നേരെ നടപടിയെടുത്തത്. അപകടകരമായ ഡ്രൈവിങ്ങിലൂടെ കൊലക്കുറ്റം ചെയ്തതിന് ശിക്ഷിക്കപ്പെട്ട ലഹരിക്കടത്തുകാരനായ തടവുകാരനുമായിട്ടാണ് എമിലി എന്ന ഉദ്യോഗസ്ഥ ലൈംഗിക ബന്ധം പുലർത്തിയത്. ഒരു വർഷത്തേക്കാണ് എമിലിയെ ജയിലിൽ അടച്ചത്.

തടവറയിലെ കാമുകനായി മൊബൈൽ ഫോൺ ഒളിച്ചുകടത്തിയതാണ് ജെന്നിഫർ ഗാവൻ എന്ന ജീവനക്കാരിക്ക് വിനയായത്. ഈ ഫോണിലൂടെ ഇവർ സദാസമയവും കാമുകനായ അലക്സ് കോക്സണുമായി സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. മാത്രമല്ല, ഇവർ തന്റെ സ്വകാര്യ ചിത്രങ്ങൾ തടവറയിലെ കാമുകന് അയച്ചു നൽകിയതായും തെളിഞ്ഞു. ഇതിനു പുറമെ ഇരുവരും തടവറയിൽ വച്ച് ചുംബിച്ചതായും വ്യക്തമായിട്ടുണ്ട്. അതേസമയം, അപകടകാരിയായ തടവുകാരൻ ഖുറം റസാഖുമായി ബന്ധം പുലർത്തിയെന്ന് തെളിഞ്ഞതാണ് അയ്ഷിയ ഗൺ എന്ന ജീവനക്കാരിക്ക് വിനയായത്.