അബുദാബി: മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രം (ബാപ്സ് ഹിന്ദു മന്ദിർ) അടുത്ത വർഷം ഫെബ്രുവരിയിൽ തുറന്നു നൽകും. അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രത്തിന്റെ നിർമാണം 60 ശതമാനത്തോളം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. ക്ഷേത്രത്തിൽ പ്രധാന ഹാളിൽ മാർബിൾ ശിലകൾ പതിക്കുന്ന ജോലിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവും ഇന്ത്യൻ, അറേബ്യൻ സംസ്കാരങ്ങളും ചിഹ്നങ്ങളും സമന്വയിപ്പിച്ച് രൂപകൽപന ചെയ്ത കൊത്തുപണികളും ശിൽപങ്ങളുമാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം. യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന തരത്തിൽ 7 ഗോപുരങ്ങളും ക്ഷേത്രത്തിലുണ്ട്. 2018ലാണ് ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്.
ബാപ്സ് ഹിന്ദു മന്ദിർ ഇന്റർനാഷനൽ റിലേഷൻ മേധാവി സ്വാമി ബ്രഹ്മവിരാദി ദാസുമായി ക്ഷേത്ര നിർമാണ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയിരുന്നു. പ്രഫ. യോഗി ത്രിവേദി രചിച്ച ‘ഇൻ ലവ്, അറ്റ് ഈസ്: എവരിഡേ സ്പിരിച്വാലിറ്റി വിത്ത് പ്രമുഖ് സ്വാമി’ എന്ന പുസ്തകത്തിന്റെ കോപ്പി അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുകയും ചെയ്തു.