റിയാദ്: രാജ്യാന്തര ബസ് സർവീസുകൾക്കുള്ള പുതിയ നിയമാവലി നടപ്പിലാക്കി സൗദി അറേബ്യ. സൗദിയിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്നതും രാജ്യത്തെ റൂട്ടുകൾ വഴി കടന്നുപോകുന്നതുമായ ബസുകൾ പുതിയതായിരിക്കണമെന്നാണ് പുതിയ നിയമാവലിയിലെ പ്രധാന വ്യവസ്ഥ. ഈ വാഹനങ്ങൾക്ക് 10 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാവാൻ പാടില്ല. സൗദിയിലും വിദേശ രാജ്യങ്ങളിലും മുമ്പ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്ത ബസുകൾ രാജ്യാന്തര സർവിസുകൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
ബസ് ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് സ്ഥിരീകരിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഡ്രൈവർമാർ അംഗീകൃത പ്രാഥമിക ശുശ്രൂഷാ പരിശീലന കോഴ്സ് പൂർത്തിയാക്കിയിരിക്കണം. പൊതുഗതാഗത അതോറിറ്റി നിർണയിക്കുന്ന മെഡിക്കൽ ടെസ്റ്റും പ്രഫഷനൽ യോഗ്യതാ ടെസ്റ്റും മറ്റ് പരിശീലനങ്ങളും വിജയിക്കണം.
രാജ്യാന്തര സർവിസിന് ഉപയോഗിക്കുന്ന ബസുകൾ രജിസ്റ്റർ ചെയ്ത രാജ്യത്തേക്ക് സൗദിയിൽ നിന്ന് തിരിച്ചുപോകുമ്പോൾ പൊതുഗതാഗത കേന്ദ്രങ്ങളിൽ നിന്നാണ് യാത്രക്കാരെ കയറ്റേണ്ടത്. പൊതുഗതാഗത കേന്ദ്രങ്ങളില്ലാത്ത നഗരങ്ങളിൽ പൊതുഗതാഗത അതോറിറ്റി അംഗീകാരമുള്ള പ്രാദേശിക ഏജന്റും ഓഫീസും വഴിയായിരിക്കണം യാത്രക്കാരെ കയറ്റേണ്ടതെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.