വരുമാനത്തിൽ വൻ കുതിച്ചുചാട്ടം, ഇക്കുറി ബിഎസ്എൻഎൽ നേടിയത് 1500 കോടി രൂപയിലധികം ലാഭം: അശ്വിനി വൈഷ്ണവ്


ന്യൂഡൽഹി: വരുമാനം കുതിച്ചുയർന്നതോടെ മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ പൊതുമേഖല ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. പലിശ-നികുതിയിതര വരുമാനം കണക്കാക്കുമ്പോൾ ബിഎസ്എൻഎൽ 1500 കോടി രൂപയിലധികം ലാഭമാണ് നേടിയിരിക്കുന്നത്. ഇത് സംബന്ധിച്ച കണക്കുകൾ കേന്ദ്ര ടെലികോം ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎല്ലിന്റെ പ്രവർത്തനലാഭം വലിയ രീതിയിലാണ് മെച്ചപ്പെട്ടത്. കമ്പനിയുടെ രണ്ട് പുനരുജ്ജീവന പാക്കേജുകളുടെ പിൻബലത്തിലാണ് ലാഭം കൈവരിച്ചിട്ടുള്ളത്.

ഒരു പതിറ്റാണ്ട് മുൻപ് വരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ബിഎസ്എൻഎല്ലിന് സാധിച്ചിരുന്നില്ല. എന്നാൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച രീതിയിലുള്ള മുന്നേറ്റം കാഴ്ചവെക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ രാജ്യത്തെ മുഴുവൻ സർക്കിളുകളിലും 4ജി സേവനം എത്തിക്കാനാണ് ശ്രമം. ഇതിന് പിന്നാലെ 5ജി കണക്റ്റിവിറ്റിയും ഉറപ്പുവരുത്തുന്നതാണ്. അതേസമയം, 4ജി വയർലെസ് സേവന വിപണിയിൽ ബിഎസ്എൻഎല്ലിന് വലിയ പങ്ക് നേടാൻ കഴിയുമെന്നും, 2027 സാമ്പത്തിക വർഷത്തോടെ കൂടുതൽ ലാഭകരമാകുമെന്നുമാണ് വിലയിരുത്തൽ.